നന്ദമുരി ബാലകൃഷ്ണ - നയൻതാര ചിത്രം ആരംഭിച്ചു
ഐറ്റം ഡാൻസുമായി തമന്ന
തെലുങ്ക് സൂപ്പർ താരം നന്ദമുരി ബാലകൃഷ്ണയുടെ നായികയായി നയൻതാര എത്തുന്ന ചിത്രത്തിന് ഹൈദരാബാദിൽ പൂജയോടെ തുടക്കം കുറിച്ചു. ഗോപിചന്ദ് മലിനേനി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ നീട്ടി വളർത്തിയ മുടിയുമായി ഗംഭീര ലുക്കിൽ രാജാവായി ബാലകൃഷ്ണയെ അവതരിപ്പിക്കുന്നു. ആന്ധ്രാപ്രദേശ് മന്ത്രിമാരായ അനഗാനി സത്യ പ്രസാദ്, ഗോട്ടിപതി രവി കുമാർ എന്നിവർ ചേർന്ന് ചിത്രത്തിന്റെ തിരക്കഥ നിർമ്മാതാക്കൾക്ക് കൈമാറി. ബാലകൃഷ്ണയ്‌ക്കൊപ്പം നിരവധി ബ്ലോക് ബസ്റ്ററുകൾ ഒരുക്കിയ സംവിധായകൻ ബി. ഗോപാൽ ക്ലാപ്പ്ബോർഡ് കൈമാറി. എൻബികെയുടെ മകൾ തേജസ്വിനി ക്യാമറ സ്വിച്ച് ഓൺ നിർവഹിച്ചു. എൻ.ബി.കെ 111 എന്ന് താത്കാലികമായി പേരിട്ട ചിത്രത്തിൽ തമന്ന ഭാട്ടിയയുടെ ഐറ്റം ഡാൻസുമുണ്ട്. ചരിത്ര ഇതിഹാസമായി ഒരുങ്ങുന്ന ചിത്രം വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരു നിർമ്മിക്കുന്നു. വീരസിംഹ റെഡ്ഡി എന്ന ബ്ളോക് ബസ്റ്ററിനുശേഷം നന്ദമുരി ബാലകൃഷ്ണ - ഗോപിചന്ദ് മലിനേനി ടീം ഒന്നിക്കുകയാണ് . സിംഹ, ജയ് സിംഹ, ശ്രീരാമരാജ്യം എന്നീ ചിത്രങ്ങളിൽ ബാലകൃഷ്ണയും നയൻതാരയും ഒരുമിച്ചിട്ടുണ്ട്. പി. ആർ. ഒ ശബരി.