ഓൺലൈൻ തോന്ന്യാസം നിയന്ത്രിച്ചേ പറ്റൂ, കേന്ദ്രനിലപാട് തേടി സുപ്രീംകോടതി

Friday 28 November 2025 1:30 AM IST

ന്യൂഡൽഹി: ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ എന്തു വൃത്തികേടും അപ്‌ലോഡ് ചെയ്യാവുന്ന സ്ഥിതി. ആരെയും അധിക്ഷേപിക്കാം. അശ്ലീലം പറയാം. കാണിക്കാം. ആരോടും മറുപടി പറയേണ്ട. ഇത് അനുവദിക്കാനാവില്ലെന്ന് സുപ്രീംകോടതി. കേന്ദ്രത്തിന്റെ അടിയന്തര നിലപാടും തേടി.

'ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്" യുട്യൂബ് ഷോയിൽ അംഗപരിമിതരെ പരിഹസിച്ചതിന് സമയ് റെയ്‌ന അടക്കം അഞ്ചു കൊമേഡിയന്മാർക്കെതിരെ കേസെടുത്തിരുന്നു. എഫ്.ഐ.ആർ റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുകയായിരുന്നു കോടതി. കൊമേഡിയന്മാരെ വിമർശിച്ച കോടതി, അംഗപരിമിതരുടെ ചികിത്സയ്‌ക്കും ക്ഷേമത്തിനും പണം സ്വരൂപിക്കാൻ മാസത്തിൽ രണ്ടുവീതം പരിപാടികൾ നടത്താനും നിർദ്ദേശിച്ചു.

മൊബൈൽ ഫോൺ സ്വിച്ച് ഓൺ ചെയ്യുമ്പോൾത്തന്നെ തങ്ങൾ ആഗ്രഹിക്കാത്ത കാര്യങ്ങൾ നിർബന്ധപൂർവമെന്ന മട്ടിൽ കയറിവരുന്നു. എന്തു അനുവദിക്കാം, എന്തു പാടില്ല എന്ന് തീരുമാനിക്കാൻ സ്വതന്ത്ര സ്ഥാപനം രൂപീകരിക്കണം. ബാഹ്യ സമ്മർദ്ദങ്ങളിൽ നിന്ന് മുക്തമായ സ്ഥാപനം വേണം. ഉത്തരവാദിത്വമുള്ള സമൂഹം നമുക്ക് കെട്ടിപ്പടുക്കണം. അങ്ങനെയുണ്ടായാൽ ഒട്ടുമിക്ക പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

യു ട്യൂബിലൂടെയും മറ്റുമുള്ള പരിഹാസങ്ങളിൽ ഇരയാകുന്നത് ദശലക്ഷക്കണക്കിന് പേരാണ്. അപമാനിതരാകുന്നവർ എന്തുചെയ്യും. സാമൂഹ്യ മര്യാദ പാലിക്കാത്ത ഉള്ളടക്കം പടച്ചുവിടുന്നവർ ഉത്തരവാദിത്വം ഏറ്റെടുക്കുമോ? അശ്ലീല ഉള്ളടക്കത്തിലുൾപ്പെടെ അധികൃതർ ഇടപെട്ടു വരുമ്പോഴേക്കും വൈറലായിക്കഴിഞ്ഞിരിക്കുമെന്നും പറഞ്ഞു.

ആധാറിലൂടെ പ്രായം

വെരിഫൈ ചെയ്യണം

പ്രായം പരിശോധിച്ചശേഷം മാത്രം ഉള്ളടക്കം കാണാൻ കഴിയുന്ന സംവിധാനം വേണം. ഇതിനായി ആധാർ നമ്പ‌ർ ഉപയോഗിച്ച് പ്രായം വെരിഫൈ ചെയ്തുകൂടേയെന്ന് കോടതി കേന്ദ്രത്തോട് ആരാഞ്ഞു. വിവിധ മേഖലകളിലെ വിദഗ്ദ്ധർ, ജുഡിഷ്യറി,​ മാദ്ധ്യമ രംഗത്തുള്ളവർ എന്നിവരെ ഉൾപ്പെടുത്തി വിദഗ്ദ്ധസമിതി രൂപീകരിക്കാവുന്നതാണ്. പരീക്ഷണാടിസ്ഥാനത്തിൽ ആദ്യം നടക്കട്ടെ. അഭിപ്രായ- ആവിഷ്കാര സ്വാതന്ത്ര്യത്തിന് തടസമുണ്ടായാൽ അപ്പോൾ അക്കാര്യം പരിഗണിക്കാം.

മാർഗരേഖ തയ്യാറാക്കുന്നു

അംഗപരിമിതരെ അധിക്ഷേപിക്കുന്നവർക്കെതിരെ നടപടിക്ക് നിയമം വേണമെന്ന് സുപ്രീംകോടതി പറ‌ഞ്ഞു. ഒരാളുടെ അന്തസിനെ തകർക്കുന്ന തരത്തിലല്ല തമാശ പറയേണ്ടതെന്ന്, യുട്യൂബ‌‌ർമാരുടെ പ്രവൃത്തിയെ വിമർശിച്ച് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കി. ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെ നിയന്ത്രണം സംബന്ധിച്ച് പുതിയ മാർഗരേഖ അന്തിമമാക്കി വരികയാണെന്ന് അറ്റോർണി ജനറൽ ആർ.വെങ്കട്ടരമണി അറിയിച്ചു. ഇക്കാര്യം രേഖപ്പെടുത്തിയ കോടതി, വിഷയം നാലാഴ്ചയ്‌ക്കു ശേഷം പരിഗണിക്കാൻ മാറ്റി. അംഗപരിമിതരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ക്യൂർ എസ്.എം.എ ഇന്ത്യ ഫൗണ്ടേഷൻ സമർപ്പിച്ച ഹർജിയും പരിഗണിച്ചു.