മിമിക്രിയിൽ മിന്നി കാർത്തിക

Friday 28 November 2025 2:00 AM IST

ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിക്ക് കലോത്സവവേദിയിൽ ഒരു വിജയഗാഥ. അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് 13-ാം വാർഡിലെ യു.ഡി.എഫ് സ്വതന്ത്രൻ എസ്.രാജീവിന്റെ പരിശീലനത്തിൽ മകൾ കാർത്തിക എസ്. രാജീവ് മിമിക്രിയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.പിതാവിന്റെ ശിക്ഷണത്തിൽ വർഷങ്ങളായി മികച്ച പ്രകടനമാണ് അമ്പലപ്പുഴ ഗവ.മോഡൽ എച്ച്.എസ്.എസ് വിദ്യാർഥിനിയായ കാർത്തിക കാഴ്ചവച്ചുവരുന്നത്.

സംസ്ഥാന തലത്തിൽ കഴിഞ്ഞ തവണ മിമിക്രിയിൽ എ ഗ്രേഡ് നേടിയിരുന്നു. കുട്ടികളുടെ പ്രിയപ്പെട്ട ടെവിവിഷൻ കഥാപാത്രമായ ഡോറ ബുജിയെ അവതരിപ്പിച്ചപ്പോൾ നിറഞ്ഞ കൈയടിയോടെയാണ് സദസ് സ്വീകരിച്ചത്.കാറ്റും മഴയും, തേങ്ങ ചിരകുന്നത്, കുപ്പിയിൽ നിന്ന് വെള്ളം പുറത്ത് കളയുന്നത് തുടങ്ങിയവയും തന്മയത്വത്തോടെയാണ് അവതരിപ്പിച്ചത്.

കാവ്യമാധവൻ, നവ്യനായർ, ലക്ഷ്മിനക്ഷത്ര,​ വെള്ളാപ്പള്ളി നടേശൻ തുടങ്ങിയവരുടെ ശബ്ദം അനുകരിച്ചും മികവ് കാട്ടി. അച്ഛന്റെ പരിശീലനത്തിൽ കൂടുതൽ ശോഭിക്കണമെന്നാണ് ഈ കൊച്ചുമിടുക്കിയുടെ ആഗ്രഹം. മാതാവ് സാവേരിയും കൂട്ടിനുണ്ട്.