'ഇമ്രാൻ മരിച്ചിട്ടില്ല" അഭ്യൂഹം തള്ളി ജയിൽ

Friday 28 November 2025 12:57 AM IST

ഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പി.ടി.ഐ പാർട്ടി (പാകിസ്ഥാൻ തെഹ്‌രീക്- ഇ- ഇൻസാഫ്) നേതാവുമായ ഇമ്രാൻ ഖാൻ (73) കൊല്ലപ്പെട്ടെന്ന അഭ്യൂഹം തള്ളി റാവൽപിണ്ടിയിലെ അഡിയാല ജയിൽ അധികൃതരും പ്രതിരോധ മന്ത്രി ഖ്വാജ ആസിഫും.

ആരോഗ്യവാനാണെന്നും കൊല്ലപ്പെട്ടെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും ജയിൽ അധികൃതർ പ്രസ്താ‌വനയിറക്കി. രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയെന്ന വാർത്തയും നിഷേധിച്ചു. വൈദ്യ സഹായം നൽകുന്നുണ്ടെന്നും വ്യക്തമാക്കി. ഇമ്രാനെ കാണാൻ സഹോദരിമാരെ അനുവദിക്കുമെന്നും അറിയിച്ചു.

ഇമ്രാനെ കാണാൻ സഹോദരിമാരായ നൂറിൻ, അലീമ, ഉസ്മ എന്നിവരെ മൂന്ന് ആഴ്ചയിലേറെയായി അനുവദിക്കാതിരുന്നതാണ് കൊല്ലപ്പെട്ടെന്ന അഭ്യൂഹം പ്രചരിക്കാൻ ഇടയാക്കിയത്.

ആഴ്ചയിൽ രണ്ടുതവണ ഇമ്രാനെ കാണാൻ കുടുംബാംഗങ്ങളെ അനുവദിക്കണമെന്നാണ് ഇസ്ലാമാബാദ് ഹൈക്കോടതി ഉത്തരവ്. ജയിൽ അധികൃതർ വിസമ്മതിച്ചതോടെയാണ് ഇമ്രാൻ എവിടെയെന്ന ചോദ്യവുമായി സഹോദരിമാരും പാർട്ടി പ്രവർത്തകരും ജയിലിനു മുന്നിൽ നടത്തി പ്രതിഷേധിച്ചത്. അഴിമതി കേസുകളെ തുടർന്ന് 2023 ഓഗസ്റ്റ് മുതൽ ഇമ്രാൻ ജയിലിലാണ്.

 ഫൈവ് സ്റ്റാർ താമസം !

ഇമ്രാന് ഫൈവ് സ്റ്റാർ താമസമാണ് ഒരുക്കിയിട്ടുള്ളതെന്ന് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പ്രതികരിച്ചു. ടെലിവിഷൻ, ഡബിൾ ബെഡ്, വെൽവെറ്റ് മെത്ത, വ്യായാമ ഉപകരണങ്ങൾ തുടങ്ങിയവ നൽകിയിട്ടുണ്ടെന്നും ഫൈവ് സ്റ്റാർ ഹോട്ടലിൽ പോലും കിട്ടാത്ത മികച്ച ഭക്ഷണമാണ് നൽകുന്നതെന്നും കൂട്ടിച്ചേർത്തു. ഇമ്രാൻ ദുരിത ജീവിതം നയിക്കുന്നെന്ന ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു ആസിഫ്.