അപകടങ്ങൾക്കറുതിയില്ലാതെ ആമയിഴഞ്ചാൻ തോട് അധികൃതർ കണ്ണടച്ചപ്പോൾ ഇന്നലെയും ഒരാൾക്ക് പരിക്ക്
തിരുവനന്തപുരം: അപകടങ്ങൾ തുടർക്കഥ. പരാതികൾക്ക് പുല്ലുവില. ഇന്നലെ വൈകിട്ടും ആമയിഴഞ്ചാൻ തോട്ടിൽ വീണ് വായോധികന് പരിക്കേറ്റു. മതിയായ സംരക്ഷണഭിത്തികളോ കൈവരികളോ ഇല്ലാത്തതാണ് കാരണം.വൈകിട്ട് 5 ഓടെ സെൻട്രൽ റെയിൽവേ സ്റ്റേഷൻ ഭാഗത്തെ തോടിനു കുറുകെയുള്ള പാലത്തിന്റെ വിടവിലൂടെ താഴേക്കു വീഴുകയായിരുന്നു വയോധികൻ. ആളുകളുടെ ശ്രദ്ധ എത്താത്ത സ്ഥലമായതിനാൽ ഒരുപാടുസമയം കഴിഞ്ഞാണ് വീണതറിഞ്ഞത്. ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തിയപ്പോൾ തോട്ടിൽ അബോധാവസ്ഥയിലായിരുന്നു. ഉദ്യോഗസ്ഥർക്കെത്തിപ്പെടാൻ കഴിയാത്ത സ്ഥലമായതിനാൽ റോഡിലെ കോൺക്രീറ്റ് ഗ്യാപ്പിലൂടെ സ്‌ട്രെച്ചർ റോപിന്റെ സഹായത്താൽ തോട്ടിലിറങ്ങി അരയോളം വേസ്റ്റിൽ മുങ്ങിയാണ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തിയത്. ഉടനെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. 2 യൂണിറ്റ് ഫയർഫോഴ്സ് സേനയാണ് രക്ഷാപ്രവർത്തനത്തിനെത്തിയത്. വയോധികന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. അബോധാവസ്ഥയിൽ പേര് സോളമനെന്നതു മാത്രമാണ് ലഭിച്ച വിവരം. അതും വ്യക്തമല്ല. പവർ ഹൗസിനടുത്തുള്ള തോടിന്റെ ഭാഗത്തും നിരവധി ആളുകൾ തുടർച്ചയായി വീണിട്ടുണ്ട്. നിരവധി പരാതികൾ കൊടുത്തിട്ടും പരിഹാരമില്ലെന്നാണ് നാട്ടുകാർ പറഞ്ഞത്.
ചവറുകൾ കുന്നുപോലെ
ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യനിക്ഷേപം തോട്ടിലെ വെള്ളത്തെക്കാൾ ഇരട്ടിയാണ്. മഴക്കാലമായാൽ ഇവയെല്ലാം പല ഭാഗങ്ങളിൽ അടിഞ്ഞുകൂടി കിടക്കും. ഹോട്ടലുകൾ, വീടുകൾ തുടങ്ങി എല്ലായിടത്തെയും മാലിന്യം തള്ളുന്നതിവിടെയാണ്.
ജനങ്ങളുടെ ആവശ്യങ്ങൾ
തോടിന് സംരക്ഷണഭിത്തി വേണം
തകർന്ന നടപ്പാതകൾ പുനർനിർമ്മിക്കണം
അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണം
പാലത്തിന്റെ വിടവിലൂടെയാണ് വീണത്. പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടില്ല. വീണ് ഒരുപാട് നേരമായതുകൊണ്ടാകാം ബോധം നഷ്ടമായത്
വിഷ്‌ണു
ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ