ജീവനൊടുക്കിയ സി.ഐയുടെ കുറിപ്പ്, അനാശാസ്യത്തിന് പിടിച്ച യുവതിയെ മേലുദ്യോഗസ്ഥൻ പീഡിപ്പിച്ചു
പാലക്കാട്: നവംബർ 15ന് ജീവനൊടുക്കിയ ചെർപ്പുളശ്ശേരി സി.ഐ ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പിൽ മേലുദ്യോഗസ്ഥനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. അനാശാസ്യത്തിന് അറസ്റ്റിലായ യുവതിയെ മേലുദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. പീഡിപ്പിക്കാൻ തന്നെയും നിർബന്ധിച്ചു. ഇത് പുറത്തറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കുറിപ്പിലുണ്ട്.
2014ലെ സംഭവമെന്ന തരത്തിലാണ് കുറിപ്പ്. അന്ന് സി.ഐ ആയിരുന്ന, നിലവിൽ വടകര ഡിവൈ.എസ്.പിയായ ഉമേഷിനെതിരെയാണ് കുറിപ്പിലെ ആരോപണം. കേസ് ഒതുക്കാനും മാദ്ധ്യമങ്ങളിൽ വാർത്തവരാതിരിക്കാനും വഴങ്ങിയേ പറ്റൂവെന്ന് ഉമേഷ് യുവതിയെ നിർബന്ധിച്ചെന്നും എഴുതിയിട്ടുണ്ട്. തൊട്ടിൽപ്പാലം സ്വദേശിയാണ് 52കാരനായ ബിനു.
ചെർപ്പുളശേരി നഗരത്തിൽവച്ച് അറസ്റ്റിലായ യുവതിയാണ് പീഡിപ്പിക്കപ്പെട്ടത്. അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ എത്തിച്ചിരുന്നെങ്കിലും പറഞ്ഞുവിട്ടു. അന്നേ ദിവസം രാത്രി ഉമേഷ് ഭീഷണിപ്പെടുത്തി തന്നെയും ഒപ്പം കൂട്ടി സ്ത്രീയുടെ വീട്ടിൽ പോവുകയായിരുന്നു. അതിനുശേഷം ഇക്കാര്യം പറഞ്ഞ് നിരന്തരം മാനസികമായി പീഡിപ്പിച്ചെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.
നവംബർ 15ന് ഉച്ചയോടെ ഭക്ഷണം കഴിക്കാൻ ക്വാർട്ടേഴ്സിലേക്ക് പോയ ബിനുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അന്നു തന്നെ 32 പേജുള്ള ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിരുന്നു. കുറിപ്പിലെ വിവരങ്ങൾ മാദ്ധ്യമങ്ങൾ തേടിയിരുന്നെങ്കിലും പൊലീസ് നൽകിയിരുന്നില്ല. ഇപ്പോൾ ചോർന്നുകിട്ടുകയായിരുന്നു.
അതേസമയം, പീഡിപ്പിക്കപ്പെട്ട സ്ത്രീയുമായി ബന്ധമില്ലെന്നാണ് ഡിവൈ.എസ്.പി പറയുന്നത്. ഈ സ്ത്രീയുമായി ബന്ധമുണ്ടായിരുന്നത് ആത്മഹത്യ ചെയ്ത ബിനു തോമസിനായിരുന്നെന്നും പറഞ്ഞു.
ഒതുക്കിയെന്ന്
ആക്ഷേപം
ബിനു തോമസ് ആത്മഹത്യ ചെയ്ത് നാളുകൾ കഴിഞ്ഞിട്ടും അന്വേഷണം ഇഴയുകയാണ്. അന്വേഷണത്തിന്റെ ഒരുഘട്ടത്തിലും ആത്മഹത്യാക്കുറിപ്പിൽ പറയുന്ന മേലുദ്യോഗസ്ഥനിലേക്ക് കാര്യങ്ങൾ എത്തിയിട്ടുമില്ല. ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങൾ പൂഴ്ത്തി ആരോപണവിധേയനെ രക്ഷിക്കാനായിരുന്നു ഇന്റലിജൻസ് ശ്രമമെന്ന് പൊലീസിൽ തന്നെ ആക്ഷേപമുയർന്നിട്ടുണ്ട്.