പേട്ട റെയിൽവേ സ്റ്റേഷനു സമീപം അപകടക്കെണിയായി മരച്ചില്ല

Friday 28 November 2025 5:58 AM IST

തിരുവനന്തപുരം: പേട്ട റെയിൽവേ സ്റ്റേഷനു സമീപമുള്ള റോഡരികിൽ,​ വെട്ടിയിട്ടിരിക്കുന്ന മരച്ചില്ല അപകട ഭീഷണിയാകുന്നു. പേട്ട ഹെൽത്ത് സെന്ററിന്റെ മുന്നിലായാണ് കഴിഞ്ഞ രണ്ടുമാസമായി മരച്ചില്ല കിടക്കുന്നത്.

പാർക്കിംഗിനും കാൽനടയാത്രയ്ക്കും ഇതു തടസമാവുകയാണ്.

മഴക്കാലത്ത് ഒടിഞ്ഞ് വീഴാറായ മാവിന്റെ ചില്ലകൾ,​അപകടഭീഷണി കണ്ട് നഗരസഭ മുറിച്ചു മാറ്രുകയായിരുന്നു.എന്നാൽ മുറിച്ചുമാറ്റിയ ചില്ല നീക്കം ചെയ്യാതെ റോഡിൽ തന്നെയിട്ട് അധികൃതർ മടങ്ങി. ഇതോടെ യാത്രക്കാരുടെ ദുരിതം തുടങ്ങി.

റെയിൽവേ യാത്രക്കാരുടെയടക്കം നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. വീതി കുറഞ്ഞ റോഡിൽ മരച്ചില്ല കിടക്കുന്നതിനാൽ,​ വാഹനങ്ങൾ കടന്നുപോകാനും പ്രയാസമേറെയാണ്. ഇതോടെ ഇവിടെ രാവിലെയും വൈകിട്ടും ഗതാഗതക്കുരുക്കുമുണ്ട്.

രാവിലെ ഹെൽത്ത് സെന്ററിലേക്കും സമീപത്തെ നഴ്സറിയിലേക്കും വരുന്നവർക്കും റെയിൽവേ യാത്രക്കാ‌ർക്കും വൈകിട്ട് പാർക്കിലേക്ക് കുട്ടികളുമായി എത്തുന്നവർക്കും യാത്രാതടസം സൃഷ്ടിക്കുകയാണ് ഈ മരച്ചില്ല. നഗരസഭ അധികൃതർ എത്രയും പെട്ടെന്ന് മരച്ചില്ല നീക്കം ചെയ്യണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

ഉദ്യോഗസ്ഥർക്കും തടസം

രാവിലെ ട്രെയിനിൽ വന്നിറങ്ങുന്ന സെക്രട്ടേറിയറ്ര്,കളക്ടറേറ്റ്,​നിയമസഭ മന്ദിരം,കുടപ്പനക്കുന്ന് എന്നിവിടങ്ങളിലുള്ള ഉദ്യോഗസ്ഥരെ കൊണ്ടുപോകുന്ന ബസ് ഈ സ്ഥലത്തായിരുന്നു മുൻപ് നിറുത്തിയിട്ടിരുന്നത്. മരച്ചില്ല കിടക്കുന്നതിനാൽ ഇതിനും തടസമായി. ഇതോടെ പേട്ട പുത്തൻകോവിൽ ഭഗവതി ക്ഷേത്രത്തിന്റെ മുൻവശത്താണ് ബസ് നിറുത്തിയിടുന്നത്.