മുസമ്മിലും ഷഹീനും ദമ്പതികൾ

Friday 28 November 2025 12:11 AM IST

ന്യൂഡൽഹി: ഡൽഹി സ്‌ഫോടനക്കേസിൽ അറസ്റ്റിലായ ഡോ. മുസമ്മിൽ ഷക്കീൽ ഗനായിയും ഡോ. ഷഹീൻ സയീദും ദമ്പതികളാണെന്ന് കണ്ടെത്തിയതായി സൂചന. ഇവരുടെ നിക്കാഹ് 2023 സെപ്‌തംബറിൽ ഫരീദാബാദിലെ അൽ ഫലാ യൂണിവേഴ്സിറ്റിക്ക് സമീപത്തെ മസ്‌ജിദിൽ നടന്നുവെന്നാണ് വിവരം. മുസമ്മിലിന്റെ കാമുകിയാണ് ഷഹീനെന്ന സംശയം തുടക്കം മുതൽ ഏജൻസികൾക്കുണ്ടായിരുന്നു. വിശദമായ ചോദ്യംചെയ്യലിൽ വിവാഹക്കാര്യം മുസമ്മിൽ അന്വേഷണസംഘത്തോട് സമ്മതിച്ചെന്നാണ് റിപ്പോർട്ട്. മെഹറായി 6000 രൂപ കൊടുത്തു. 'മാഡം സർജൻ" എന്നറിയപ്പെടുന്ന ഷഹീൻ,​ ജെയ്‌ഷെ മുഹമ്മദിന്റെ വനിതാ റിക്രൂട്ട്മെന്റ് വിഭാഗമായ ജമാഅത്തുൽ മൊമിനാതിന്റെ ഇന്ത്യയിലെ മേധാവിയാണ്. സ്‌ഫോടനപദ്ധതിക്ക് 28 ലക്ഷത്തോളം രൂപ ഷഹീൻ സംഘടിപ്പിച്ചിരുന്നുവെന്നാണ് കരുതുന്നത്. അതേസമയം, മുസമ്മിലിന് ഫരീദാബാദിൽ കൂടുതൽ ഒളിയിടങ്ങൾ ഉള്ളതായി കണ്ടെത്തി.

കസ്റ്റഡി നീട്ടി

കേസിൽ അറസ്റ്റിലായ ജമ്മു കാശ്‌മീർ കുൽഗാം സ്വദേശി ഡാനിഷ് എന്ന ജാസിർ ബിലാൽ വാനിയെ 7 ദിവസം കൂടി എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു. അന്വേഷണസംഘം സമർപ്പിച്ച കസ്റ്റഡി അപേക്ഷ ഡൽഹി പട്യാല ഹൗസ് കോടതി അംഗീകരിക്കുകയായിരുന്നു. ചെങ്കോട്ടയ്‌ക്കു സമീപം പൊട്ടിച്ചിതറിയ ഡോ ഉമർ നബിയുടെ സഹായിയാണ് ഡാനിഷെന്ന് അന്വേഷണസംഘം പറയുന്നു. സ്‌ഫോടനത്തിന് മുൻപ് ഡ്രോൺ ആക്രമണത്തിന് പദ്ധതിയിട്ടുവെന്നും ആരോപിച്ചു.

യുവതിക്ക് ബന്ധമോ?

പാക് ബന്ധമുണ്ടെന്ന സംശയത്താൽ മഹാരാഷ്ട്രയിൽ അറസ്റ്റിലായ യുവതിക്ക് ഡൽഹി സ്‌ഫോടനത്തിൽ പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നു. യുവതി താമസിച്ചിരുന്ന ഹോട്ടലിൽ നിന്ന് കോടികണക്കിന് രൂപ തുകയെഴുതിയ ചെക്കുകൾ പിടിച്ചെടുത്തിരുന്നു. സ്‌ഫോടനം നടന്ന സമയത്ത് ഡൽഹിയിലുണ്ടായിരുന്നുവെന്നാണ് നിഗമനം.