 എസ്.ഐ.ആറിൽ സുപ്രീംകോടതി നിയമവിരുദ്ധ കുടിയേറ്റക്കാരെ വോട്ട് ചെയ്യാൻ അനുവദിക്കണോ

Friday 28 November 2025 12:11 AM IST

ന്യൂഡൽഹി: ആധാർ കാർഡ് കൈവശമുള്ള നിയമവിരുദ്ധ കുടിയേറ്റക്കാരെ വോട്ട് ചെയ്യാൻ അനുവദിക്കണമോയെന്ന ചോദ്യമുയർത്തി സുപ്രീംകോടതി. ബീഹാറിലെ അടക്കം തീവ്ര വോട്ടർപട്ടിക പുതുക്കൽ (എസ്.ഐ.ആർ) പ്രക്രിയയ്‌ക്കതിരെ സമർപ്പിച്ച ഒരുകൂട്ടം ഹർ‌ജികളിൽ വാദം കേൾക്കവേയാണിത്. നമ്മുടെ രാജ്യത്തേക്ക് നിയമവിരുദ്ധമായി കുടിയേറിയവർ റിക്ഷ വലിച്ചും തൊഴിലാളികളായും മറ്റും ജീവിക്കുന്നു. അവർക്ക് ആധാർ കാർഡുള്ളതിനാൽ റേഷൻ ലഭിക്കുന്നു. അത് രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങളുമായി പൊരുത്തപ്പെടുന്നതാണ്. പക്ഷെ അതുകൊണ്ട് അവരെ വോട്ട‌ർമാരാക്കണോയെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചിയും അടങ്ങിയ ബെഞ്ച് ചോദിച്ചു. ആധാർ കാർഡ് പൗരത്വത്തിന് തെളിവല്ല. തിരഞ്ഞെടുപ്പ് കമ്മിഷൻ പോസ്റ്റ് ഓഫീസല്ല. വോട്ടർപ്പട്ടികയിൽ ചേർക്കാൻ സമർപ്പിക്കുന്ന രേഖകളുടെ ആധികാരികത പരിശോധിക്കാൻ കമ്മിഷന് അധികാരമുണ്ട്. ബീഹാറിലെ എസ്.ഐ.ആർ പ്രക്രിയയിൽ ഒഴിവായ ഒരു വോട്ടറും അതിനെ ചോദ്യം ചെയ്യാത്തതെന്തുകൊണ്ടാണ്. അതിനർത്ഥം ഒഴിവാക്കലുകൾ കൃത്യമായിരുന്നു എന്നല്ലേയെന്നും കോടതി നിരീക്ഷിച്ചു. ബീഹാറിലെ പ്രക്രിയ സംബന്ധിച്ച് ഡിസംബർ ഒന്നിനകം തിരഞ്ഞെടുപ്പ് കമ്മിഷൻ റിപ്പോർട്ട് സമർപ്പിക്കണം.

പൗരത്വം തീരുമാനിക്കേണ്ടത്

ബി.എൽ.ഒമാരോ ?

ബി.എൽ.ഒമാരാണോ പൗരത്വം തീരുമാനിക്കേണ്ടതെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ കപിൽ സിബൽ ചോദിച്ചു. അപകടകരവും യുക്തിരഹിതവുമായ പ്രക്രിയയാണ് നടക്കുന്നത്. പലയിടത്തും ബി.എൽ.ഒമാർ ആത്മഹത്യ ചെയ്യുന്നു. എഴുതാനും വായിക്കാനുമറിയാത്ത വോട്ടർമാർ പട്ടികയിൽ നിന്ന് പുറത്താകുന്ന സാഹചര്യം. ഒഴിവാക്കൽ ന്യായമായ നടപടിക്രമങ്ങളിലൂടെയാകണമെന്നും സിബൽ ചൂണ്ടിക്കാട്ടി. എസ്.ഐ.ആർ‌ ഭരണഘടനാ തത്വങ്ങൾക്ക് അനുസരിച്ചായിരിക്കണമെന്ന് മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്‌വി വാദിച്ചു. ഹർജികൾ ഡിസംബർ 2ന് വീണ്ടും പരിഗണിക്കും.