എം.ഡി.എം.എയും ഹൈബ്രിഡ് കഞ്ചാവും പിടികൂടി
കാസർകോട്: കാസർകോട് , വിദ്യാനഗർ, ഹൊസ്ദുർഗ്, ബേക്കൽ പൊലീസ് സ്റ്റേഷനുകളിലായി നാൽപത് ഗ്രാം എം.ഡി.എം.എയും ആറ് ഗ്രാം ഹൈബ്രിഡ് കഞ്ചാവും പിടികൂടി. നാല് ദിവസത്തിനിടെ ലഹരികടത്തു സംഘത്തിലെ ആറ് പേർ പിടിയിൽ. വാഹന പരിശോധനക്കിടെ ഓട്ടോയിൽ കടത്താൻ ശ്രമിച്ച എം.ഡി.എം.എ യുമായി രണ്ടുപേർ പിടിയിലായി. ഷിറിബാഗിലു നാഷണൽ നഗർ സ്വദേശിയും മുളിയാർ മാസ്തിക്കുണ്ട് ക്വാട്ടേഴ്‌സിൽ താമസിക്കുന്ന ഉസ്‍മാൻ കെ(43), ഷിറിബാഗിലു ബദർ പള്ളിക്കു സമീപം താമസിക്കുന്ന അബ്ദുൽ റഹിമാൻ (55) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. 28.32 ഗ്രാം എം.ഡി.എം.എ യാണ് ഇവരിൽ നിന്നും പിടികൂടിയത്.
വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ സംശയാസ്പദമായ സാചര്യത്തിൽ കണ്ട ആളെ വിദ്യാനഗർ പൊലീസും ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ചേർന്ന് പരിശോധിച്ചപ്പോൾ 6 ഗ്രാം എം.ഡി.എം.എ യും 6 ഗ്രാം ഹൈബ്രിഡ് കഞ്ചാവും പിടികൂടി. ഉളിയത്തടുക്ക ഗണേഷ് നഗർ സ്വദേശി മുഹമ്മദ് ഹനീഫ(34) ആണ് പിടിയിലായത്.
ഹൊസ്ദുർഗ് പൊലീസിന് വീട്ടിൽ ലഹരി സൂക്ഷിച്ചതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 3 ഗ്രാം എം.ഡി.എം.എ യുമായി മുറിയാനാവി സ്വദേശി ഷാജഹാൻ അബൂബക്കർ(41) പിടിയിലായി.
കഴിഞ്ഞ ദിവസം ബേക്കൽ പൊലീസ് രണ്ട് പേരെ എം.ഡി.എം.എ യുമായി പിടികൂടിയിരുന്നു.