വ്യാജ സ്വർണം പണയം വെച്ച് തട്ടിപ്പ്: യുവാവിന് രണ്ടു വർഷം കഠിനതടവ്

Friday 28 November 2025 12:25 AM IST

പാലക്കാട്: വ്യാജ സ്വർണം അസൽ സ്വർണമാണെന്ന് വിശ്വസിപ്പിച്ച് ധനകാര്യ സ്ഥാപനത്തിൽ പണയം വെച്ച് പണം തട്ടിയ കേസിൽ യുവാവിന് രണ്ടുവർഷം കഠിനതടവും പിഴയും ശിക്ഷ. പാലക്കാട് മേപ്പറമ്പ് ബംഗ്ലാംപറമ്പ് ഓടക്കൽ ഹൗസിൽ മുഹമ്മദാലിയെ (30) ആണ് പാലക്കാട് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കെ.എസ്.വരുൺ ശിക്ഷിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമം 420(വഞ്ചന) ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് രണ്ടുവർഷം കഠിനതടവിനും 55,000 രൂപ പിഴയടക്കാനും കോടതി ഉത്തരവിട്ടത്. പിഴ തുക ഒടുക്കിയില്ലെങ്കിൽ പ്രതി അഞ്ച് മാസം കൂടി അധിക തടവ് അനുഭവിക്കണം. 2014 മാർച്ച് 14നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാലക്കാട് സുൽത്താൻപേട്ടയിലുള്ള മണപ്പുറം ഫിനാൻസ് ശാഖയിൽ എത്തിയ മുഹമ്മദാലി, 20.9 ഗ്രാം തൂക്കംവരുന്ന രണ്ട് വളകൾ പണയം വെക്കുകയും, ഇതിന് പകരമായി 47,000 രൂപ കൈപ്പറ്റുകയും ചെയ്തു. പിന്നീട് സ്ഥാപനത്തിൽ നടത്തിയ ഓഡിറ്റിലാണ് പണയം വെച്ചിരിക്കുന്നത് സ്വർണമല്ലെന്ന് ഉദ്യോഗസ്ഥർക്ക് മനസിലായത്. തുടർന്ന് സ്ഥാപന അധികൃതർ മുഹമ്മദാലിയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാൾ പണം തിരികെ നൽകാൻ തയ്യാറായില്ല. ഇതേത്തുടർന്ന് മണപ്പുറം ഫിനാൻസ് ഉദ്യോഗസ്ഥർ പാലക്കാട് ടൗൺ സൗത്ത് പൊലീസിൽ പരാതി നൽകുകയായിരുന്നു. സൗത്ത് എസ്.എച്ച്.ഒ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ഷീബ കെ. ഹാജരായി.