അലൻ കൊലപാതകം: കത്തി കണ്ടെത്തി

Friday 28 November 2025 12:27 AM IST

തിരുവനന്തപുരം: കുട്ടികൾ തമ്മിലുള്ള തർക്കം പറഞ്ഞുതീർക്കുന്നതിനിടെ സുവിശേഷക വിദ്യാർത്ഥി അലൻ (19) കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക തെളിവായ കത്തി കണ്ടെത്തി. ഒന്നാം പ്രതി അജിന്റെ സുഹൃത്തിന്റെ ജഗതിയിലുള്ള വീട്ടിൽ നിന്നാണ് കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെത്തിയത്.

കേസിൽ അജിൻ ഉൾപ്പെടെ പ്രതികളെ ആദ്യം കസ്റ്റഡിയിൽ വാങ്ങിയെങ്കിലും കത്തി എവിടെയാണെന്ന് കണ്ടെത്തിയിരുന്നില്ല. അന്വേഷണം വഴിതിരിച്ചുവിടാനും ശ്രമിച്ചിരുന്നു. രണ്ടാം തവണ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് പ്രതികൾ ആയുധം ഒളിപ്പിച്ച സ്ഥലം വെളിപ്പെടുത്തിയത്. ആയുധം വാങ്ങിയ തകരപ്പറമ്പിലെ കടയിലെത്തിച്ചും തെളിവെടുത്തു. തുടർന്ന് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മുഖ്യപ്രതിയെ കൂടാതെ ജഗതി സ്വദേശികളായ അഭിജിത്ത്, കിരൺ എന്ന ചക്കുമോൻ എന്നിവരെ മാത്രമാണ് കന്റോൺമെന്റ് പൊലീസ് രണ്ടാമത് കസ്റ്റഡിയിൽ വാങ്ങിയത്. തെളിവെടുപ്പും ചോദ്യംചെയ്യലും പൂർത്തിയാക്കി ഇവരെ തിരികെ റിമാൻഡ് ചെയ്യും. കുട്ടികൾ തമ്മിൽ കളിസ്ഥലത്തുണ്ടായ പ്രശ്നത്തിലേക്ക് ക്രിമിനൽ സംഘത്തെ കൊണ്ടുവന്ന 16കാരനായ വിദ്യാർത്ഥിയെ കസ്റ്റഡിയിൽ വാങ്ങാൻ ജുവനൈൽ ജസ്റ്റിസ് ബോർഡിന് ഉടൻ അപേക്ഷ നൽകുമെന്ന് പൊലീസ് പറഞ്ഞു.