നാശത്തിനും സമാധാനത്തിനും നടുവിൽ യുക്രെയിൻ
ഈ മാസം 19നാണ് യുക്രെയിനിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ഒരു രഹസ്യ റഷ്യൻ-അമേരിക്കൻ 'സമാധാന കരാർ" സംബന്ധിച്ച വിവരം പുറത്തുവന്നത്. റഷ്യയ്ക്ക് മുന്നിൽ യുക്രെയിന്റെ കീഴടങ്ങലിന് തുല്യമായിരുന്നു കരാറിലെ 28 നിർദ്ദേശങ്ങൾ. യുക്രെയിനിൽ നിന്ന് റഷ്യ പിടിച്ചെടുത്ത ക്രൈമിയ, ലുഹാൻസ്ക്, ഡൊണെസ്ക് പ്രദേശങ്ങൾ റഷ്യയുടെ സ്വന്തമാകും. ഖേഴ്സൺ, സെപൊറീഷ്യ പ്രവിശ്യകൾ ഭാഗികമായും റഷ്യൻ കൈയിലെത്തും. യുക്രെയിൻ നാറ്റോയിൽ ചേരാൻ പാടില്ല; സൈനികരുടെ എണ്ണം കുറയ്ക്കുകയും വേണം.
റഷ്യയുടെ യുദ്ധ ലക്ഷ്യങ്ങൾ അതേപടി അംഗീകരിക്കുന്ന കരാർ. റഷ്യ പച്ചക്കൊടി വീശിയെങ്കിലും യുക്രെയിനും യൂറോപ്യൻ രാജ്യങ്ങളും വിമർശിച്ചു. ഇതിനിടെ, യുക്രെയിൻ ഒരു തീരുമാനമെടുത്തില്ലെങ്കിൽ പിന്തുണ പിൻവലിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിയുമെത്തി. അമേരിക്കൻ ആയുധങ്ങളില്ലെങ്കിൽ യുക്രെയിനിൽ റഷ്യൻ മിസൈലുകൾ സംഹാര താണ്ഡവമാടും. മുമ്പെങ്ങുമില്ലാത്ത വണ്ണം കടുത്ത നയതന്ത്ര പ്രതിസന്ധിയിലായി യുക്രെയിൻ.
ഇതിനിടെ, യൂറോപ്യൻ, യുക്രെയിൻ, അമേരിക്കൻ ഉദ്യോഗസ്ഥർ ജനീവയിൽ യോഗം ചേർന്ന് പദ്ധതിയിൽ ചില മാറ്റങ്ങൾ വരുത്തി. 26ന് അബുദാബിയിൽ വച്ച് പുതുക്കിയ പദ്ധതി സംബന്ധിച്ച് റഷ്യൻ-അമേരിക്കൻ ഉദ്യോഗസ്ഥതല ചർച്ചയും നടന്നു. പുതിയ കരാറിന്റെ ചട്ടക്കൂടിനെ യുക്രെയിൻ പിന്തുണച്ചു. പക്ഷേ, പ്രദേശങ്ങൾ വിട്ടുനൽകുന്നത് പോലെ അംഗീകരിക്കാൻ കഴിയാത്ത ചില നിർദ്ദേശങ്ങളിൽ തീർപ്പുണ്ടാക്കാൻ ട്രംപിനെ കാണണമെന്നാണ് സെലെൻസ്കിയുടെ നിലപാട്.
പുതുക്കിയ പദ്ധതിയെ റഷ്യ എതിർത്തിട്ടില്ല. തങ്ങളുടെ ലക്ഷ്യങ്ങളിൽ നിന്ന് ഒരിഞ്ച് പോലും പിന്നോട്ട് പോകാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ അനുവദിക്കുകയുമില്ല. അതിനാൽ ഗാസ മോഡലിൽ ട്രംപ് ആവിഷ്കരിച്ച പദ്ധതി യുക്രെയിനും റഷ്യയ്ക്കും സ്വീകാര്യമായ തരത്തിൽ എത്തിയിട്ടില്ല എന്നതാണ് വാസ്തവം.
അടുത്തയാഴ്ച ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ട്രംപിന്റെ മരുമകൻ ജറേഡ് കുഷ്നറും റഷ്യയിലെത്തി പുട്ടിനെ കാണും. സമാന്തരമായി യുക്രെയിനുമായി യു.എസ് സൈനിക തലത്തിലെ ചർച്ചകളും തുടരും. കരാറിന് അടുത്തെത്തിയെന്ന് ട്രംപ് പറയുമ്പോഴും, 'അങ്ങനെ പറയാറായിട്ടില്ല" എന്ന് റഷ്യ ഓർമ്മിപ്പിക്കുന്നു. റഷ്യ യു.എസിന് വഴങ്ങിയിട്ടില്ലെന്ന് ഓർമ്മിപ്പിക്കുന്ന പ്രസംഗം ഇന്നലെ കിർഗിസ്ഥാനിൽ വച്ച് പുട്ടിൻ നടത്തുകയും ചെയ്തു.
എങ്ങനെ പോയാലും യുദ്ധം അവസാനിക്കണമെങ്കിൽ പുട്ടിൻ വരയ്ക്കുന്ന വരയിൽ കരാറിനെ 'അഡ്ജസ്റ്റ്" ചെയ്തേ പറ്റൂയെന്ന് ട്രംപിനറിയാം. അതിനായി യുക്രെയിന് മേൽ സമ്മർദ്ദം ശക്തമാക്കാതെ യു.എസിന് മറ്റ് വഴികളില്ല. സമാധാനത്തിനും സർവനാശത്തിനും ഇടയിലാണ് യുക്രെയിൻ. യു.എസിനെ വെറുപ്പിച്ച് കരാർ തള്ളിയാൽ റഷ്യ ആക്രമണം ശക്തമാക്കും. ഇനി സമാധാന പാത സ്വീകരിക്കാമെന്ന് കരുതിയാൽ, സ്വന്തം മണ്ണ് റഷ്യയ്ക്ക് വിട്ടുനൽകി കീഴടങ്ങുന്നതിന് തുല്യം. ഏതായാലും വിജയം തങ്ങൾക്കെന്ന് റഷ്യയും. !
സമാധാന കരാറിന്റെ അന്തിമ രൂപം റഷ്യയ്ക്ക് മുന്നിലില്ല. ചോദ്യങ്ങൾ ഇനിയും ബാക്കിയുണ്ട്. ഗൗരവ ചർച്ചകൾക്ക് റഷ്യ തയ്യാറാണ്. പദ്ധതി (യു.എസിന്റെ) ഭാവി കരാറുകൾക്ക് അടിസ്ഥാനമായി ഉപയോഗിക്കാൻ കഴിയും. നിലവിലെ യുക്രെയിൻ നേതൃത്വവുമായി ഒരു കരാറിൽ ഒപ്പിടുന്നത് അർത്ഥശൂന്യമാണ്.
- വ്ലാഡിമിർ പുട്ടിൻ