' മരിച്ച " സ്ത്രീ തിരിച്ചുവന്നു !
ബാങ്കോക്ക്: മരിച്ചെന്ന് കരുതിയ 65കാരി, ശവപ്പെട്ടിയിൽ വച്ച് കണ്ണുതുറന്നതിന്റെ ഞെട്ടലിലാണ് തായ്ലൻഡിലെ ബാങ്കോക്കിലുള്ള വാറ്റ് റാറ്റ് പ്രാഖോങ്ങ് താം ബുദ്ധ ക്ഷേത്രത്തിലെ അധികൃതർ. ഏതാനും ദിവസങ്ങൾക്ക് മുമ്പായിരുന്നു സംഭവം. ശവപ്പെട്ടിയ്ക്കുള്ളിൽ നിന്ന് ആരോ തട്ടുന്ന പോലുള്ള പതിഞ്ഞ ശബ്ദം കേട്ടത് ക്ഷേത്രത്തിലെ ജനറൽ മാനേജരാണ്.
തുടർന്ന് ശവപ്പെട്ടി തുറന്നപ്പോൾ കണ്ടത് സാവധാനം കണ്ണു തുറക്കാൻ ശ്രമിക്കുന്ന സ്ത്രീയെ ആണ്. പെട്ടിയുടെ ഒരു വശത്ത് അവർ കൈ കൊണ്ട് മുട്ടുന്നുണ്ടായിരുന്നു. ആദ്യമൊന്ന് ഭയന്നെങ്കിലും ഉടൻ തന്നെ ക്ഷേത്ര അധികൃതർ സ്ത്രീയെ ആശുപത്രിയിലേക്ക് മാറ്റി. സ്ത്രീയുടെ രക്തത്തിലെ ഷുഗർ ലെവൽ അപകടകരമായി താഴ്ന്നതാണെന്നും അവർക്ക് ഹൃദയാഘാതമോ ശ്വാസകോശ പ്രശ്നങ്ങളോ ഉണ്ടായിട്ടില്ലെന്നും ഡോക്ടർമാർ സ്ഥിരീകരിച്ചു.
സ്ത്രീയുടെ സഹോദരന്റെ നേതൃത്വത്തിലാണ് മൃതദേഹം സംസ്കാരിക്കാൻ വീട്ടിൽ നിന്ന് 500 കിലോമീറ്റർ അകലെയുള്ള ക്ഷേത്രത്തിൽ എത്തിച്ചത്. രണ്ട് വർഷമായി കിടപ്പിലായിരുന്ന സഹോദരി മരിച്ചെന്ന് കഴിഞ്ഞ ശനിയാഴ്ച പ്രാദേശിക ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചെന്നും അതുകൊണ്ടാണ് സംസ്കരിക്കാൻ എത്തിച്ചതെന്നും സഹോദരൻ പറയുന്നു.
എന്നാൽ, മരണ സർട്ടിഫിക്കറ്റ് ഇല്ലാതെയാണ് ഇയാൾ എത്തിയതെന്ന് ക്ഷേത്ര മാനേജർ വ്യക്തമാക്കി. സർട്ടിഫിക്കറ്റ് കൊണ്ടുവരാൻ മാനേജർ ആവശ്യപ്പെടുന്നതിനിടെയാണ് പെട്ടിയ്ക്കുള്ളിൽ നിന്ന് ശബ്ദം കേട്ടതും, സ്ത്രീ മരിച്ചിട്ടില്ലെന്ന് തിരിച്ചറിഞ്ഞതും.