സുമാത്രയിൽ ഭൂചലനം

Friday 28 November 2025 7:12 AM IST

ജക്കാർത്ത: ഇൻഡോനേഷ്യയിലെ സുമാത്രയുടെ പടിഞ്ഞാറ് കടലിൽ റിക്ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. ഇന്നലെ പ്രാദേശിക സമയം, രാവിലെ 11.56ന് സമുദ്രത്തിന്റെ അടിത്തട്ടിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ ആഴത്തിലായിരുന്നു ചലനം. ആചേ പ്രവിശ്യയിലെ സിനബാംഗ് പട്ടണത്തിൽ നിന്ന് 45 കിലോമീറ്റർ അകലെയായിരുന്നു പ്രഭവ കേന്ദ്രം. സുമാത്രയുടെ തീരപ്രദേശങ്ങളിൽ ചലനം അനുഭവപ്പെട്ടെങ്കിലും ആളപായമോ നാശനഷ്ടമോ ഇല്ല. സുനാമി ഭീഷണിയില്ലെന്ന് അധികൃതർ വ്യക്തമാക്കി. സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിലും പ്രകമ്പനം രേഖപ്പെടുത്തി. ബുധനാഴ്ച തീരംതൊട്ട സെന്യർ ചുഴലിക്കാറ്റിനെ തുടർന്ന് സുമാത്രയിൽ ശക്തമായ മഴയും പ്രളയവും മണ്ണിടിച്ചിലുമുണ്ടായതിന് പിന്നാലെയാണ് ഭൂചലനം. 49 പേരാണ് പ്രളയത്തിൽ മരിച്ചത്. 67 പേരെ കാണാതായി.