ഹസീനയ്ക്ക് 21 വർഷം തടവ്
ധാക്ക: ബംഗ്ളാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് 21 വർഷത്തെ ജയിൽ ശിക്ഷ വിധിച്ച് ധാക്കയിലെ പ്രത്യേക കോടതി. സർക്കാർ ഭവന പദ്ധതിയിൽ ഭൂമി അനുവദിച്ചതിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട മൂന്ന് അഴിമതിക്കേസുകളിലായാണ് ശിക്ഷ (ഓരോ കേസിനും 7 വർഷം വീതം). ഓരോ കേസിനും ഒരു ലക്ഷം ടാക്ക വീതം പിഴയും വിധിച്ചു.
ജനുവരിയിലാണ് ഹസീനക്കെതിരെ ഈ കേസുകൾ ഫയൽ ചെയ്തത്. മൂന്ന് അഴിമതിക്കേസുകളിലെ വിധി ഡിസംബർ ഒന്നിനുണ്ടാകുമെന്നാണ് റിപ്പോർട്ട്. ശരിയായ അപേക്ഷകളില്ലാതെയും പ്രധാനമന്ത്രി എന്ന നിലയിലെ തന്റെ അധികാരം ഉപയോഗിച്ചും ഹസീന തനിക്കും മകനും മകൾക്കും അടക്കം ഭൂമി നിയമവിരുദ്ധമായി സ്വന്തമാക്കിയെന്ന് കോടതി ആരോപിച്ചു. ഹസീനയുടെ മകൻ സജീബിനും മകൾ സൈമയ്ക്കും 5 വർഷം വീതവും ശിക്ഷ വിധിച്ചു. കേസിൽ ഉൾപ്പെട്ട മുൻ മന്ത്രി അടക്കം മറ്റ് 20 പേർക്കും വിവിധ ജയിൽ ശിക്ഷകൾ വിധിച്ചു.
സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് 2024 ആഗസ്റ്റ് 5ന് അധികാരമൊഴിഞ്ഞ ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്യുകയായിരുന്നു. പ്രക്ഷോഭത്തെ അടിച്ചമർത്തിയതിന്, ഈ മാസം 17ന് ബംഗ്ലാദേശ് കോടതി ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു. ഹസീനയെ ബംഗ്ലാദേശ് ആവശ്യപ്പെട്ടെങ്കിലും വിട്ടുനൽകാൻ ഇന്ത്യ തയ്യാറായിട്ടില്ല. ഹസീനയുടെ മകൾ ഇന്ത്യയിലും മകൻ യു.എസിലുമാണ്.