ഹോങ്കോങ്ങ് തീപിടിത്തം: മരണം 83 ആയി

Friday 28 November 2025 7:13 AM IST

ഹോങ്കോങ്ങ്: ഹോങ്കോങ്ങിൽ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി. 300 പേർക്കായി തെരച്ചിൽ തുടരുന്നു. പരിക്കേറ്റ 26 പേർ ചികിത്സയിലാണ്. ബുധനാഴ്ച വൈകിട്ടാണ് തായ് പോയിലെ പാർപ്പിട സമുച്ചയത്തിലെ 31 നിലകൾ വീതമുള്ള ഏഴ് ടവറുകളിൽ തീ പടർന്നത്. തീ ഇന്നലെ നിയന്ത്രണവിധേയമാക്കി. ഏകദേശം 4,600 പേരാണ് ഈ കെട്ടിടങ്ങളിൽ താമസിച്ചിരുന്നത്. എന്നാൽ അപകട സമയം എത്ര പേർ കെട്ടിടങ്ങളിലുണ്ടായിരുന്നു എന്നത് വ്യക്തമല്ല. അറ്റകുറ്റപ്പണികളുടെ ഭാഗമായി കെട്ടിടങ്ങൾക്കു പുറമേ കെട്ടിയ മുളകൊണ്ടുള്ള കൂറ്റൻ ഘടനയിൽ നിന്നാണ് തീപടർന്നത്. കെട്ടിടത്തിന് പുറത്തെ വസ്തുക്കൾ തീയെ പ്രതിരോധിക്കാൻ ശേഷിയുള്ളവ ആയിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. അറ്റകുറ്റപ്പണികളുടെ ചുമതലയുണ്ടായിരുന്ന കമ്പനിയുടെ ഉടമകളെ അറസ്റ്റ് ചെയ്തു.