വൈറ്റ്‌ഹൗസിന് സമീപത്തെ വെടിവയ്പ്; ഗുരുതര പരിക്കേറ്റ 20കാരിയായ സൈനിക ഉദ്യോഗസ്ഥ മരണത്തിന് കീഴടങ്ങി
വാഷിംഗ്ൺ: വൈറ്റ്ഹൗസിന് സമീപം ബുധനാഴ്ചയുണ്ടായ വെടിവയ്പിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന സൈനിക ഉദ്യോഗസ്ഥ മരിച്ചു. നാഷണൽ ഗാർഡ് ഉദ്യോഗസ്ഥയായ സാറാ ബെക്‌സ്ട്രോമാണ് (20) കഴിഞ്ഞ ദിവസം മരിച്ചത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. വെടിവയ്പിൽ സാറയെ കൂടാതെ മറ്റൊരു ഉദ്യോഗസ്ഥനും ഗുരുതര പരിക്കേറ്റിരുന്നു. യുഎസ് എയർഫോഴ്‌സ് സ്റ്റാഫ് സാർജന്റായ ആൻഡ്രൂ വോൾഫ് (24) ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്.
വെസ്റ്റ് വിർജീനിയയിലെ സമ്മേഴ്‌സ്‌വില്ലെയിൽ നിന്നുള്ള സാറ 2023 ജൂൺ ആറിനാണ് സൈന്യത്തിൽ ചേർന്നത്. മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് വെസ്റ്റ് വിർജീനിയ ആർമി നാഷണൽ ഗാർഡിന്റെ 111-ാമത് എഞ്ചിനീയർ ബ്രിഗേഡായ 863-ാമത് മിലിട്ടറി പൊലീസ് കമ്പനിയിലേക്ക് അവർ ആദ്യമായി നിയമിതയായത്. കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി ട്രംപ് അവതരിപ്പിച്ച പുതിയ ദൗത്യത്തിന്റെ ഭാഗമായാണ് വെസ്റ്റ് വിർജീനിയ നാഷൺ ഗാർഡ് നൂറുകണക്കിന് സൈനികരെ വാഷിംഗ്‌ടണിൽ വിന്ന്യസിച്ചത്. താങ്ക്സ്ഗിവിംഗ് അവധി ദിനത്തിൽ വാഷിംഗ്‌ടണിൽ പ്രവർത്തിക്കാൻ സാറ സന്നദ്ധത പ്രകടിപ്പിച്ചതായി വെടിവയ്പ്പിനുശേഷം അറ്റോർണി ജനറൽ പാം ബോണ്ടി ഫോക്സ് ന്യൂസിനോട് പറഞ്ഞിരുന്നു.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2:15നാണ് വൈറ്റ്ഹൗസിന് സമീപം ആക്രമണമുണ്ടായത്. അക്രമി സാറയ്ക്കുനേരെ ആദ്യം നെഞ്ചിലും പിന്നീട് തലയിലും വെടിയുതിർക്കുകയായിരുന്നു. തുടർന്ന് രണ്ടാമത്തെ ഗാർഡിന് നേരെയും വെടിയുതിർത്തു. പിന്നാലെ സൈനികരെത്തി അക്രമിയെ പിടികൂടുകയായിരുന്നു. അഫ്ഗാൻ പൗരനായ റഹ്മാനുള്ള ലകൻവാളാണ് ( 29) ആക്രമണത്തിനു പിന്നിലെന്നാണ് ലഭിക്കുന്ന വിവരം. ഇയാൾ അഫ്ഗാനിസ്ഥാനിൽ യുഎസ് സൈന്യത്തിന് വേണ്ടി പ്രവർത്തിച്ചയാളാണെന്ന് യുഎസ് ഇന്റലിജൻസ് ഏജൻസിയായ സിഐഎ അറിയിച്ചു.
ആക്രമണം നടക്കുമ്പോൾ ട്രംപ് ഫ്ലോറിഡയിൽ അദ്ദേഹത്തിന്റെ വെസ്റ്റ് പാം ബീച്ച് ഗോൾഫ് ക്ലബ്ബിലായിരുന്നു. വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് കെന്റക്കിയിലുമായിരുന്നു. സംഭവത്തിനു പിന്നാലെ വൈറ്റ് ഹൗസിന് കൂടുതൽ സുരക്ഷയൊരുക്കുന്നതിന് 500 നാഷണൽ ഗാർഡ് അംഗങ്ങളെക്കൂടി വിന്യസിക്കാൻ ട്രംപ് നിർദ്ദേശിച്ചിട്ടുണ്ട്. സൈനികരെ ലക്ഷ്യമിട്ടുള്ള ആക്രമണമെന്നാണ് സംഭവത്തെ പൊലീസ് വിലയിരുത്തുന്നത്