ഓരോ കുടുംബങ്ങൾക്കും 5000 രൂപ? ജനുവരിയിലെ ആഘോഷ നാളിൽ സമ്മാനം പ്രതീക്ഷിച്ച് ജനങ്ങൾ

Friday 28 November 2025 12:14 PM IST

ചെന്നെെ: തമിഴ്‌നാട്ടിലെ ഒരു പ്രധാനപ്പെട്ട വിളവെടുപ്പ് ഉത്സവമാണ് 'പൊങ്കൽ'. ഈ പൊങ്കൽ ഉത്സവത്തോടനുബന്ധിച്ച് എല്ലാ വർഷവും തമിഴ്നാട് സർക്കാർ പ്രത്യേക കിറ്റും പണവും ജനങ്ങൾക്ക് വിതരണം ചെയ്യാറുണ്ട്. റേഷൻ കാ‌ർഡിന്റെ അടിസ്ഥാനത്തിലാണ് കിറ്റ് വിതരണം ചെയ്യുന്നത്. ഡിഎംകെ അധികാരമേറ്റതിനുശേഷം 2022ലെ പൊങ്കലിന് 21 പലചരക്ക് സാധനങ്ങൾ അടങ്ങിയ കിറ്റാണ് വിതരണം ചെയ്തത്.

2023ലും 2024ലും പൊങ്കൽ കിറ്റിൽ അരി,​ കരിമ്പ്,​ പഞ്ചസാര,​ 1000 രൂപ എന്നിവയും ഉണ്ടായിരുന്നു. എന്നാൽ ഈ വർഷത്തെ (2025)​ പൊങ്കൽ കിറ്റിൽ പണം ഉണ്ടായിരുന്നില്ല. പകരം പഞ്ചസാരയും അരിയും കരിമ്പും അടങ്ങിയ ഒരു കിറ്റാണ് നൽകിയത്. ഇതിനെതിരെ പലകോണുകളിൽ നിന്നായി അന്ന് വലിയ വിമർശനവും ഉയർന്നിരുന്നു. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ ഈ വർഷം കിറ്റിൽ പണം നൽകുമോയെന്നാണ് എല്ലാവരും ആകാംഷയോടെ ഉറ്റുനോക്കുന്നത്.

2021ൽ എഐഎഡിഎംകെ സർക്കാർ പൊങ്കൽ കിറ്റിന്റെ ഭാഗമായി 2,​500 രൂപ നൽകിയിരുന്നു. 2026ൽ ഇപ്പോഴത്തെ സർക്കാർ 5,​000 രൂപ വാഗ്ദാനം ചെയ്‌തേക്കുമെന്നാണ് അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്. കഴിഞ്ഞ വർഷത്തെ കണക്ക് അനുസരിച്ച് തമിഴ്‌നാട്ടിൽ ഏകദേശം 2.21 കോടി കുടുംബങ്ങൾക്ക് റേഷൻ കാർഡ് ഉണ്ട്. അങ്ങനെ നോക്കിയാൽ ഓരോ വീടിനും 5,000 രൂപ വീതം നൽകാൻ ഏകദേശം 11,000 കോടി രൂപ തമിഴ്‌നാട് സർക്കാരിന് വേണ്ടിവരും. എന്നാൽ സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക പരിമിതികൾ കണക്കിലെടുക്കുമ്പോൾ ഇത്രയും വലിയ തുക ജനങ്ങൾക്ക് നൽകാൻ കഴിയുമോയെന്നാണ് പലരും ഉന്നയിക്കുന്ന ചോദ്യം.