അറസ്റ്റിലായ യുവതിയെ ബലാത്സംഗം ചെയ്തെന്ന് സിഐയുടെ ആത്മഹത്യാക്കുറിപ്പ്; ഡിവൈഎസ്‌പിക്കെതിരെ കേസെടുത്തേക്കും

Friday 28 November 2025 12:52 PM IST

കോഴിക്കോട്: ഗുരുതര ആരോപണങ്ങളടങ്ങുന്ന എസ്എച്ച്ഓയുടെ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നതിനു പിന്നാലെ വടകര ഡിവൈഎസ്‌പി എ ഉമേഷിനെതിരെ കേസെടുത്തേക്കും. എസ്എച്ച്ഒ ബിനുതോമസിന്റെ 35 പേജടങ്ങുന്ന ആത്മഹത്യാക്കുറിപ്പിലാണ് നിർണായക വിവരങ്ങളുള്ളത്. വടക്കാഞ്ചേരി സ്​റ്റേഷനിൽ ഇൻസ്‌പെക്ടറായിരിക്കെ പെൺവാണിഭക്കേസിൽ കസ്​റ്റഡിയിലെടുത്ത സ്ത്രീയെ ഉമേഷ് ബലാത്സംഗം ചെയ്‌തെന്നാണ് കുറിപ്പിലുള്ളത്. നാല്, അഞ്ച്, ആറ് പേജിലാണ് ആരോപണങ്ങളുള്ളത്. 2015ലായിരുന്നു സംഭവം.

ബിനുവിനെ ഈ മാസം പതിനഞ്ചിനാണ് ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഡ്യൂട്ടിക്കിടെ വിശ്രമിക്കാനെന്ന് പറഞ്ഞ് ക്വാർട്ടേഴ്‌സിലേക്ക് പോയതായിരുന്നു ബിനു. തിരികെ എത്താതായതോടെ സഹപ്രവർത്തകർ ചെന്നുനോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. മൃതദേഹത്തിന്‌ സമീപത്തുനിന്ന് ആത്മഹത്യാക്കുറിപ്പും കിട്ടിയിരുന്നു.

കുടുംബപരമായ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നായിരുന്നു ആദ്യം പൊലീസ് പറഞ്ഞത്. എന്നാൽ ജോലിസംബന്ധമായ പ്രശ്നങ്ങളുമുണ്ടെന്ന് നേരത്തെ തന്നെ ആരോപണമുയർന്നിരുന്നു. ഇതിനിടയിലാണ് ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നത്. ആറുമാസം മുൻപാണ് സ്ഥലം മാറ്റം ലഭിച്ച് ബിനുതോമസ് ചെർപ്പുളശ്ശേരിയിൽ എത്തിയത്.