'മൂന്നാം ലോകരാഷ്‌ട്രങ്ങളിൽ നിന്നുള്ള കുടിയേറ്റം നിരോധിക്കും'; പ്രഖ്യാപനവുമായി ഡൊണാൾഡ് ട്രംപ്
വാഷിംഗ്ടൺ: മൂന്നാം ലോക രാഷ്‌ട്രങ്ങളിൽ നിന്നുള്ള കുടിയേറ്റം നിരോധിക്കുമെന്ന് പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിന് സമീപം നടന്ന വെടിവയ്‌പിൽ അഫ്ഗാൻ പൗരനെ പിടികൂടിയ സാഹചര്യത്തിലാണ് പ്രഖ്യാപനം. അമേരിക്കൻ സംവിധാനം പൂർണമായി നവീകരിക്കാനാണ് തീരുമാനമെന്ന് ട്രംപ് പറഞ്ഞു. പ്രഖ്യാപനം ആഗോളതലത്തിൽ പ്രത്യാഘാതങ്ങൾ സൃഷ്‌ടിക്കുമെന്നും ജോലിക്കും വിദ്യാഭാസത്തിനുമായി അമേരിക്കയിലെത്തുന്ന ലക്ഷക്കണക്കിനു പേരുടെ സുരക്ഷയെ ബാധിക്കുമെന്നും വിദഗ്ദ്ധർ വിലയിരുത്തുന്നു.
ടെക്‌നോളജിയിൽ പുരോഗതി കൈവരിച്ചിട്ടും കുടിയേറ്റം അമേരിക്കയുടെ ജീവിത നിലവാരം തകർക്കുകയാണെന്ന് ട്രൂത്ത് സോഷ്യലിലിലൂടെ ട്രംപ് പ്രസ്‌താവന നടത്തി. മൂന്നാം ലോക രാഷ്‌ട്രങ്ങളിൽ നിന്നുള്ള കുടിയേറ്റം സ്ഥിരമായി നിർത്തലാക്കുമെന്നും ബൈഡന്റെ ഭരണകാലത്ത് അനധികൃതമായി രാജ്യത്ത് പ്രവേശിച്ചവരെ ഒഴിവാക്കുമെന്നും ട്രംപ് പറഞ്ഞു. രാജ്യത്തിന് ഉപകാരമില്ലാത്തവർക്കും രാജ്യത്തെ സ്‌നേഹിക്കാത്തവർക്കും നൽകുന്ന ഫെഡറൽ ആനുകൂല്യങ്ങളും സബ്സിഡികളും അവസാനിപ്പിക്കുമെന്നും ആഭ്യന്തര സമാധാനം തകർക്കുന്നവരുടെ പൗരത്വം റദ്ദാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സുരക്ഷാ ഭീഷണി സൃഷ്‌ടിക്കുന്നവരെ നാടുകടത്തുമെന്നും ട്രംപ് പറഞ്ഞു. റിവേഴ്‌സ് കുടിയേറ്റത്തിലൂടെ മാത്രമേ രാജ്യത്തെ സംവിധാനങ്ങളെ നവീകരിക്കാൻ കഴിയൂ എന്നാണ് ട്രംപ് പ്രഖ്യാപിക്കുന്നത്.
വൈറ്റ് ഹൗസിന് സമീപം നടന്ന വെടിവയ്‌പിൽ നാഷണൽ ഗാർഡ് അംഗമായ സാറ ബെക്‌സ്ട്രം(20) എന്ന യുവതി കൊല്ലപ്പെട്ടു. 24 വയസുള്ള ആൻഡ്രൂ വോൾഫ് ഗുരുതരാവസ്ഥയിലാണ്. സംഭവത്തിൽ റഹ്മാൻ ലകാൻവൽ (29) എന്ന അഫ്ഗാൻ പൗരൻ പിടിയിലായി. 2021ൽ അമേരിക്കൻ സൈന്യത്തെ അഫ്ഗാനിസ്ഥാനിൽ നിന്ന് പിൻവലിച്ച ഘട്ടത്തിൽ ഇയാൾ രാജ്യത്ത് കടന്നതാണെന്നാണ് സംശയിക്കുന്നത്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.