തങ്ങളുടെ രാജകുമാരിയുടെ ചിത്രം പങ്കുവച്ച് സിദ്ധാർത്ഥും കിയാരയും; കുഞ്ഞിന്റെ പേരിന്റെ അർത്ഥം തിരഞ്ഞ് ആരാധകർ

Friday 28 November 2025 2:27 PM IST

ബോളിവുഡിലെ ജനപ്രിയ താരദമ്പതികളാണ് സിദ്ധാർത്ഥ് മൽഹോത്രയും കിയാര അദ്വാനിയും. ഇരുവരുടെയും പ്രണയവും വിവാഹവുമെല്ലാം സിനിമാ ലോകം ആഘോഷമാക്കിയിരുന്നു. ഇക്കഴിഞ്ഞ ജൂലായിലാണ് ഇരുവർക്കും പെൺകുഞ്ഞ് പിറന്നത്. ഇപ്പോഴിതാ, ആദ്യമായി തങ്ങളുടെ കുഞ്ഞിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് താരങ്ങൾ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്‌റ്റിനൊപ്പം കുഞ്ഞിന്റെ പേരും വെളിപ്പെടുത്തിയിട്ടുണ്ട്. സരായ എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. രാജകുമാരി എന്നാണ് ഈ പേരിന്റെ അർത്ഥമെന്ന് റിപ്പോർട്ടുകൾ പറയുന്നു. സിദ്ധാർത്ഥും കിയാരയും തങ്ങളുടെ പേരുകൾ കൂട്ടിച്ചേർത്താണ് കുഞ്ഞിന് പേരിട്ടിരിക്കുന്നതെന്നും ചില റിപ്പോർട്ടുകൾ പറയുന്നു.

സിദ്ധാർത്ഥിന്റെയും കിയാരയുടെയും കൈകളിൽ സരായയുടെ സോക്‌സ് ധരിച്ച കുഞ്ഞിപാദങ്ങൾ വച്ചിരിക്കുന്ന ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. 'ഞങ്ങളുടെ പ്രാർത്ഥനകളിൽ നിന്ന് കൈകളിലേക്കെത്തിയ അനുഗ്രഹം, ഞങ്ങളുടെ രാജകുമാരി, സരായ' എന്നാണ് ഇരുവരും പോസ്റ്റ‌ിനൊപ്പം കുറിച്ചത്. വലിയ പ്രതികരണങ്ങളാണ് പോസ്‌റ്റിന് ലഭിക്കുന്നത്. ആരാധകരും സുഹൃത്തുക്കളും കുഞ്ഞിനോടും താരങ്ങളോടുമുള്ള സ്‌നേഹവും കരുതലും പങ്കുവയ്‌ക്കുന്നുണ്ട്.

ഫെബ്രുവരിയിലാണ് തങ്ങൾക്ക് കുഞ്ഞ് പിറക്കാൻ പോകുന്നുവെന്ന വാർത്ത താരങ്ങൾ പങ്കുവച്ചത്. ഗർഭിണിയായ കിയാര നിറവയറുമായ് മെറ്റ് ഗാലയുടെ റെഡ് കാർപ്പറ്റ് വേദിയിലുൾപ്പെടെ എത്തിയിരുന്നു. ജെയ്സാൽമീർ സൂര്യഗഡ് കൊട്ടാരത്തിൽ വളരെ ആർഭാടത്തോടെയാണ് ഇരുവരുടെയും വിവാഹം നടന്നത്. ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. 'വാർ2' എന്ന ചിത്രത്തിലാണ് കിയാര അവസാനമായി അഭിനയിച്ചത്. 'ഇന്ത്യൻ പൊലീസ് ഫോഴ്സ് എന്ന വെബ് സിരീസിലൂടെ സിദ്ദാർത്ഥ് മൽഹോത്ര ഡിജിറ്റൽ ലോകത്തേക്കും അരങ്ങേറ്റ‌ം കുറിച്ചു.