യാത്രക്കാർക്ക് ഇന്ത്യൻ റെയിൽവേ നൽകുന്ന ഉഗ്രൻ സർപ്രൈസ്; ഇക്കാര്യം അറിയാതെ ആരും ടിക്കറ്റ് ബുക്ക് ചെയ്യരുതേ!

Friday 28 November 2025 3:05 PM IST

സാധാരണ സ്ലീപ്പ‌ർ ടിക്കറ്റുമായി യാത്ര ചെയ്യാൻ തയ്യാറെടുക്കുകയായിരുന്ന ഒരു യാത്രക്കാരന് അടുത്തിടെ ഇന്ത്യൻ റെയിൽവേയുടെ ഭാഗമായ ഐആർ-സിആർഐഎസിൽ നിന്ന് ലഭിച്ച ഒരു എസ്എംഎസ് സന്ദേശം വലിയ അമ്പരപ്പും സന്തോഷവുമാണ് നൽകിയത്.'നിങ്ങളുടെ പിഎൻആറിനുള്ള ടിക്കറ്റ് അപ്‌ഗ്രേഡ് ചെയ്തു. അധികമായി പണം നൽകാതെ തന്നെ ഉയർന്ന ക്ലാസിൽ യാത്ര ആസ്വദിക്കൂ' എന്നായിരുന്നു റെയിൽവേയുടെ ആ സർപ്രൈസ് സന്ദേശം. തൊട്ടുപിന്നാലെ ലഭിച്ച രണ്ടാമത്തെ സന്ദേശത്തിൽ യാത്രക്കാരന് ഫസ്റ്റ് ക്ലാസ് എസി (1A) കോച്ചിലെ പുതിയ ക്യാബിൻ നമ്പറും ബെർത്ത് നമ്പറും ലഭിക്കുകയും ചെയ്തു.

ഇതിനോടകം മുമ്പ് ഒരു തവണ ക്ലാസ് അപ്‌ഗ്രേഡ് ലഭിച്ചിട്ടുള്ള ഈ യാത്രക്കാരൻ, തന്റെ ആദ്യത്തെ ഫസ്റ്റ് ക്ലാസ് എസി യാത്രയെക്കുറിച്ചുള്ള അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുയും ചെയ്തിരുന്നു. 'മുമ്പ് സ്ലീപ്പർ ക്ലാസിൽ നിന്ന് തേർഡ് എസിയിലേക്കാണ് അപ്‌ഗ്രെഡേഷൻ കിട്ടിയത്. പക്ഷേ ഇത്തവണ ഐആർടിസിയുടെ അപ്‌ഗ്രേഡേഷൻ മെസേജ് ശരിക്കും ഞെട്ടിച്ചു.! ഇതെന്റെ ആദ്യത്തെ ഫസ്റ്റ് ഏസി യാത്രയാണ്', അദ്ദഹം കുറിച്ചു.

ഫസ്റ്റ് ക്ലാസ് എസി ഏറ്റവും മികച്ച ഉയർന്ന നിലവാരമുള്ള ബെർ‌ത്താണ് ഫസ്റ്റ് ക്ലാസ് എസി (1A). മറ്റ് ക്ലാസുകളേക്കാൾ ഉയർന്ന നിരക്കാണ് ഇന്ത്യൻ റെയിൽവേ ഇതിനായി ഈടാക്കുന്നത്.

സവിശേഷതകൾ

പ്രൈവറ്റ് ക്യാബിനുകൾ/കൂപെകൾ: മറ്റ് യാത്രക്കാരില്ലാതെ സ്വകാര്യതയോടെ യാത്ര ചെയ്യാം. കുറഞ്ഞ ശബ്ദമുള്ള കൂടുതൽ സുഖപ്രദമായ അന്തരീക്ഷം. വൃത്തിയുള്ള വിശ്രമമുറികൾ.യാത്രയിലുടനീളം വ്യക്തിഗത സേവനം, ഭക്ഷണം, ലഘുഭക്ഷണങ്ങൾ എന്നിവ ലഭിക്കും

അപ്‌ഗ്രേഡിനെക്കുറിച്ച് യാത്രക്കാർ ചോദിക്കുന്നത്

യുവാവിന്റെ ഈ സന്തോഷ വാർത്തയോട് പ്രതികരിച്ച് നിരവധിപേർ തങ്ങൾക്ക് മുമ്പ് ലഭിച്ച ടിക്കറ്റ് അപ്‌ഗ്രേഡ് അനുഭവങ്ങളും പങ്കുവച്ചു. എങ്കിലും റെയിൽവേയിലെ ഏറ്റവും മികച്ച ക്ലാസായ ഫസ്റ്റ് ക്ലാസ് എസി (1A) യിലേക്ക് അപ്‌ഗ്രേഡ് കിട്ടുന്നത് അപൂർവ്വമായൊരു ഭാഗ്യമായാണ് മിക്ക യാത്രക്കാരും കണക്കാക്കുന്നത്. ചില യാത്രികരുടെ സംശയങ്ങൾ ഇവയായിരുന്നു:

ഈ അപ്‌ഗ്രേഡ് എങ്ങനെയാണ് കിട്ടുന്നത്? ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഇതിനായി പ്രത്യേക ഓപ്ഷൻ തിരഞ്ഞെടുക്കാൻ കഴിയുമോ? എന്നിങ്ങനെയുള്ള ഒട്ടേറെ സംശയങ്ങളാണ് പലരും ചോദിക്കുന്നത്. ടിക്കറ്റ് ബുക്കിംഗിന്റെ സമയത്ത് ഐആർടിസിയുടെ ഓട്ടോ-അപ്‌ഗ്രേഡേഷൻ സംവിധാനം എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് നോക്കാം.

1. സീറ്റ് ഒപ്റ്റിമൈസേഷൻ

ഐആർടിസിയുടെ ഓട്ടോ-അപ്‌ഗ്രേഡേഷൻ സൗജന്യ സേവനമാണ്. ഇതിന്റെ പ്രധാന ലക്ഷ്യം സീറ്റുകളുടെ ഉപയോഗം പരമാവധി ഉറപ്പുവരുത്തുക എന്നതാണ്. ഒരു ട്രെയിനിൽ ഉയർന്ന ക്ലാസിൽ സീറ്റുകൾ ഒഴിവുണ്ടെങ്കിൽ, ലോവ‌ർ ക്ലാസിലെ കൺഫോം ടിക്കറ്റുള്ള യാത്രക്കാരെ യാതൊരു ചെലവുമില്ലാതെ ഒഴിവുള്ള ഉയർന്ന ക്ലാസിലേക്ക് മാറ്റുന്നു. ഇതിലൂടെ ലോവർ ക്ലാസിൽ ഒഴിവുവരുന്ന സീറ്റുകൾ, വെയിറ്റിംഗ് ലിസ്റ്റിലുള്ള യാത്രക്കാർക്ക് ലഭിക്കുന്നു. ഇങ്ങനെ യാത്രക്കാർക്ക് മികച്ച യാത്രാനുഭവം നൽകുന്നതിനോടൊപ്പം ട്രെയിൻ കാര്യക്ഷമമായി ഓടാനും സഹായിക്കുന്നു.

2. ഓട്ടോ-അപ്‌ഗ്രേഡ് എങ്ങനെ തിരഞ്ഞെടുക്കാം

ഐആർടിസി വെബ്‌സൈറ്റിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ "Consider for Auto Upgradation" എന്ന ബോക്സ് ചെക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. ശ്രദ്ധിക്കുക, ഈ ഓപ്ഷൻ ചെക്ക് ചെയ്യാതിരുന്നാലും ഓട്ടോ-അപ്‌ഗ്രേഡിന് നിങ്ങൾ അർഹനായിരിക്കും. ഈ ബോക്സിൽ ടിക്ക് ചെയ്യാത്തതിനെ ഇന്ത്യൻ റെയിൽവേ "യെസ്" ആയിട്ടാണ് പരിഗണിക്കുന്നത്.

3. അപ്‌ഗ്രേഡിനുള്ള തിരഞ്ഞെടുപ്പ്

ഓട്ടോ-അപ്‌ഗ്രേഡിനായി യാത്രക്കാരെ തിരഞ്ഞെടുക്കുന്നത് പാസഞ്ചർ റിസർവേഷൻ സിസ്റ്റം (പിആർഎസ്) ഉപയോഗിച്ച് പൂർണ്ണമായും യാദൃശ്ചികമായാണ്. അതായത്, ഉയർന്ന ക്ലാസിൽ സീറ്റുകൾ ഒഴിവുണ്ടെങ്കിൽ, ഈ കമ്പ്യൂട്ടർ സംവിധാനം യോഗ്യരായ യാത്രക്കാരെ യാതൊരു മുൻഗണനയുമില്ലാതെ തിരഞ്ഞെടുത്തുകൊണ്ട് അപ്‌ഗ്രേഡ് ചെയ്യുകയാണ് പതിവ്. അതിനാൽ, ആർക്കാണ് അപ്‌ഗ്രേഡ് ലഭിക്കുകയെന്ന് മുൻകൂട്ടി പറയാൻ കഴിയില്ല, ഇത് യാത്രയിൽ സന്തോഷകരമായ അപ്രതീക്ഷിത സമ്മാനം പോലെയാണ്.

4. അധിക ഫീസ്

ഓട്ടോ-അപ്‌ഗ്രേഡേഷൻ സൗജന്യ സേവനമാണ്. ഇതിന് യാതൊരു അധിക ഫീസും ഈടാക്കുന്നില്ല.

5. അപ്‌ഗ്രേഡ് ലഭിച്ച ശേഷം ടിക്കറ്റ് റദ്ദാക്കിയാൽ അപ്‌ഗ്രേഡ് ലഭിച്ച ഒരു യാത്രക്കാരൻ യാത്ര റദ്ദാക്കാൻ തീരുമാനിച്ചാൽ, അവരുടെ യഥാർത്ഥ ക്ലാസ് ടിക്കറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും റദ്ദാക്കൽ ചാർജുകൾ ഈടാക്കുക. അപ്‌ഗ്രേഡ് ചെയ്യപ്പെട്ട ബെർത്തിന്റെ നിരക്കല്ല ഇതിന് പരിഗണിക്കുക. ഇത്തരം ഓട്ടോ-അപ്‌ഗ്രേഡേഷൻ സംവിധാനം, ചില സമയങ്ങളിൽ സാധാരണ യാത്രക്കാർക്ക് പോലും ഫസ്റ്റ് ക്ലാസ് എസി പോലുള്ള മികച്ച യാത്രാനുഭവം തികച്ചും സൗജന്യമായി നേടാനുള്ള അവസരമാണ് ഒരുക്കുന്നത്.