ചെലവുകുറഞ്ഞ വീട് നിർമ്മാണത്തിന് ഫെറോ സിമന്റ്,​ ഏത് ആകൃതിയിലും നി‌ർമ്മിച്ചെടുക്കാം

Sunday 06 October 2019 11:46 PM IST

ചെലവുകുറഞ്ഞ വീട് നിർമ്മാണരംഗത്ത് വിപ്ലവം സൃഷ്ടിക്കുകയാണ് ഫെറോസിമന്റ് വീടുകൾ. നിർമാണ സാമഗ്രികളുടെ വിലവർദ്ധനയും അടിക്കടി വർദ്ധിക്കുന്ന പണിക്കൂലിയും വീട് നിർമ്മിക്കുന്നവരെ പിന്നോട്ടുവലിക്കുന്ന ഒന്നാണ്. അവർക്ക് അനുഗ്രഹമായി മാറുകയാണ് ഫെറോസിമന്റ് ഉപയോഗിച്ചുള്ള നിർമ്മാണരീതി.. ഇത്തരം വീടുകൾ പെട്ടെന്ന് പണിയതുയർത്താൻ സാധിക്കും എന്നതാണ് ഏറ്റവും വലിയ സവിശേഷത..കുറഞ്ഞ കനത്തിൽ ഉപയോഗിക്കാവുന്ന റീ ഇൻഫോഴ്സ്ഡ് കോൺക്രീറ്റാണ് ഫെറോസിമെന്റ്. ഏറ്റവും കൂടുതൽ ലഭ്യമായതും പുനരുപയോഗം സാധ്യമായതുമായ ഇരുമ്പാണ് ഫെറോസിമെന്റിലെ പ്രധാന ഘടകം. ആറ്റുമണൽ, നിർമ്മിത മണൽ, ഫ്ളൈ ആഷ് തുടങ്ങിയ ഫൈൻ അഗ്രിഗേറ്റ്സ് ഫെറോസിമെന്റിൽ ഉപയോഗിക്കാം. ഏത് ആകൃതിയിലും നിർമിച്ചെടുക്കാം എന്നതിനാൽ രൂപ കൽപ്പനയിൽ ആർക്കിടെക്റ്റിന് പരമാവധി സ്വാതന്ത്ര്യം ലഭ്യമാക്കുന്ന സാങ്കേതികവിദ്യയാണ് ഫെറോ ടെക്നോളജി.

സാധാരണ വീടിനേക്കാൾ 30% ചെലവ് കുറവ്, നല്ല ഉറപ്പുള്ളതിനാൽ ലീക്കേജിനെ പ്രതിരോധിക്കും, കോൺക്രീറ്റ് വീടുകളെ അപേക്ഷിച്ച് രാത്രികാലങ്ങളിലെ ചൂടു കുറവ് തുടങ്ങിയ ഗുണങ്ങളും ഫെറോസിമെന്റ് വീടുകൾക്കുണ്ട്.

സിമെന്റ് (ബൈൻഡിംഗ് മെറ്റീരിയൽ), മണൽ (ഫൈൻ അഗ്രിഗേറ്റ്സ്), കുറഞ്ഞ വ്യാസമുള്ളതും തുടർച്ചയുള്ളതുമായ ഒന്നിലധികം പാളി വലകൾ (റീഇൻഫോഴ്സ്മെന്റ്) എന്നിവയാണ് ഇതിന്റെ പ്രധാന ചേരുവകൾ. കോഴ്സ് അഗ്രിഗേറ്റ്സ് ഉപയോഗി ക്കുന്നില്ല എന്നുള്ളതിലും റീ ഇൻഫോഴ്സിങ് എലമെന്റുകൾ എങ്ങനെ സജ്ജീകരിച്ചിരിക്കുന്നു എന്നതിലുമാണ് ഫെറോസിമെന്റും റീ ഇൻഫോഴ്സ്ഡ് കോൺക്രീറ്റും തമ്മിൽ വ്യത്യാസമുള്ളത്.

വളരെ സങ്കീർണമായ യന്ത്രസാമഗ്രികൾ ഫെറോസിമെന്റ് നിർമാണ പ്രക്രിയയിൽ ആവശ്യമായി വരുന്നില്ല. മാത്രമല്ല, നിർമിതിയിൽ ഉണ്ടായേക്കാവുന്ന തകരാറുകൾ അനായാസം റിപ്പയർ ചെയ്യാനും സാധിക്കും. ഫെറോസിമെന്റ് ഫ്രെയിം സ്ട്രക്ചറിൽ നിർമിക്കുന്ന വീടുകൾക്ക് സാധാരണ വീടുകളേക്കാൾ ഭാരവഹനശേഷി കൂടുതലാണ്. കോളം– ബീം സ്ട്രക്ചറിൽ സാധാരണ കെട്ടിടങ്ങൾ രൂപകൽപ്പന ചെയ്യുമ്പോൾ ലഭിക്കുന്നതിനേക്കാൾകൂടുതൽ സ്പെയ്സും ഫെറോ സിമെന്റ് വീടുകൾക്ക് ലഭിക്കും.

താരതമ്യേന കനം കുറവായതിനാൽ ഫെറോസിമെന്റ് ഭിത്തി കളിൽ നിർമിക്കപ്പെടുന്ന വീടുകളുടെ മൊത്തം തറ വിസ്തീർണത്തിൽ ഗണ്യമായ കുറവുണ്ടാകുന്നു. നാച്വറൽ ഫൈബർ, ഹൈ ഡെൻസിറ്റി തെർമോകോൾ ഇവ ഉപയോഗിച്ചുള്ള തെർമൽ ഇൻസുലേഷൻ പ്രോഗ്രാമുകൾ ഫെറോസിമെന്റ് വീടിന്റെ ഭിത്തികളിൽ ചെലവു കുറച്ച് അനായാസം ചെയ്യാവുന്നതാണ്.

ഭൂമികുലുക്കത്തെ മാത്രമല്ല, തീപിടിത്തവും ഇത്തരം വീടുകൾ പ്രതിരോധിക്കും. കൺസീൽഡ് വയറിംഗ്, പ്ലംബിംഗ്, കബോർഡ്, ഇന്റീരിയർ, പുട്ടി ഫിനിഷ് പെയിന്റിംഗ് തുടങ്ങിയവയൊക്കെ ഇത്തരം വീടുകളിൽ സാധാരണ പോലെ തന്നെ ചെയ്യാവുന്നതാണ്. ഫെറോ സിമെന്റിന്റെ അടിസ്ഥാന ഘടകമാണ് വയർമെഷ് അഥവാ വലരൂപത്തിലുള്ള റീ ഇൻഫോഴ്സ്മെന്റ്. ഇത് വെൽഡ് ചെയ്യപ്പെട്ടതോ നെയ്യപ്പെട്ടതോ ആവാം. കെട്ടിടത്തിന്റെ ഭാരത്തെ താങ്ങി നിർത്തുന്നത് ഈ ചട്ടക്കൂടാണ്..