ലോകത്തെ കൈവെള്ളയിൽ കൊണ്ടുവരാൻ റഷ്യ, ആളില്ലാ ആയുധം തയ്യാർ, തീരദേശങ്ങൾ തകർക്കും സുനാമി ഉണ്ടാക്കുമെന്ന് വാദം

Friday 28 November 2025 7:52 PM IST

മോസ്‌കോ: ലോകമാകെ തകർക്കാൻ പാകത്തിന് ഉഗ്രശേഷിയുള്ള നിരവധി ആയുധങ്ങൾ റഷ്യയ്‌ക്ക് സ്വന്തമാണ്. ഇക്കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയമാണ് പോസിഡോൺ എന്ന ആളില്ലാ ജലാന്തർ വാഹനം. റഷ്യയുടെ ആണവ പ്രതിരോധ തന്ത്രത്തിന്റെ ഭാഗമായാണ് പുതിയ ജലാന്തർ വാഹനമായ പോസിഡോൺ വികസിപ്പിച്ചത്. 2015ൽ ആദ്യമായി പുറംലോകത്തെ അറിയിച്ച പോസിഡോൺ 2018 മുതൽ പലതവണ സുരക്ഷിതമായി പരീക്ഷണം നടത്തിയിട്ടുണ്ട്. ഈ മാസവും വിജയകരമായി പരീക്ഷണം നടത്തി. 65 അടി നീളവും മണിക്കൂറിൽ 115 മൈൽ വേഗത്തിൽ പായുന്നതിനുള്ള ശേഷിയും പോസിഡോണുണ്ട്.

പുതിയകാലത്ത് നിലവിലുള്ള മിക്ക യുദ്ധകപ്പലിനെക്കാളും വേഗത്തിൽ ഇതിന് പായാനാകും എന്നർത്ഥം. ഒരു തരത്തിലും പുതിയ റഡാറുകളിൽ പോസിഡോണെ കണ്ടെത്താനാകില്ലെന്നാണ് പുടിന്റെ വാദം. ശത്രുവിന്റെ ലക്ഷ്യസ്ഥാനം തകർക്കുന്നത് മാത്രമല്ല പോസിഡോണിന്റെ കഴിവ് ശക്തമായ സുനാമി സൃഷ്‌ടിക്കാനും അതുവഴി തീരപ്രദേശങ്ങളിലാകെ ആണവ വെള്ളപ്പൊക്കം നടത്തി നശിപ്പിക്കാനും ഇതിന് കഴിയും.6200 കിലോമീറ്റർ വരെ സഞ്ചരിച്ച് ശത്രുക്കളെ പ്രതിരോധിക്കാൻ ഇതിനാകും.

കടലിൽ പ്രയോഗിക്കുമ്പോൾ തിരമാലകൾ മാത്രമല്ല റേഡിയോ ആക്‌ടീവ് തിരകളാണ് പോസിഡോൺ സൃഷ്‌ടിക്കുന്നത്. ഇത് വന്നാൽ തീരദേശ നഗരങ്ങളെ പാടേ തകർക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുമെന്ന് വിദഗ്ദ്ധർ വ്യക്തമാക്കുന്നു. ഹിരോഷിമയിലും നാഗാസാക്കിയിലും പതിച്ച ആണവബോംബുകളെക്കാൾ പതിന്മടങ്ങ് ശക്തിയാണ് പോസിഡോണിന്. രണ്ട് മെഗാടൺ ആയുധശേഷിയാണുള്ളത് അതിനർത്ഥം സാധാരണ ബോംബിനെക്കാൾ 100 മടങ്ങ് ശക്തമെന്നാണ്. ഏറെകാലം ബോംബ് പതിച്ചയിടത്ത് ഉപയോഗശൂന്യമാക്കാൻ പോസിഡോണിന് കഴിയും.

ബുറേവെസ്‌നിക്ക് എന്ന തങ്ങളുടെ ആണവമിസൈലടക്കം വികസിപ്പിക്കാനുള്ള റഷ്യൻ തീരുമാനത്തിന്റെ ഭാഗമായാണ് പോസിഡോൺ റഷ്യൻ സൈന്യം നിർമ്മിച്ചത്. എന്നാൽ മിക്ക ആയുധങ്ങളും വെറും സൂചനകൾ മാത്രമാണെന്നും ശരിയായവ അല്ലെന്നുമാണ് പലരും പറയുന്നത്,