പരിധി ലംഘിക്കുന്ന ഓൺലൈൻ ഉള്ളടക്കം

Saturday 29 November 2025 12:20 AM IST

ഒരു വ്യക്തി മറ്റൊരാൾക്കെതിരെ നൽകുന്ന പരാതിയാണ് ഓൺലൈൻ മാദ്ധ്യമങ്ങൾ പലപ്പോഴും വാർത്തയുടെ ഉള്ളടക്കമായി മാറ്റുന്നത്. പരാതികൾ സത്യസന്ധമാണെങ്കിൽപ്പോലും അത് ഏകപക്ഷീയമായിരിക്കും. നമ്മുടെ രാജ്യത്ത് പൊലീസ് സ്റ്റേഷനുകളിലും കോടതികളിലും നൽകപ്പെടുന്ന പരാതികളിൽ പകുതിയും വ്യക്തിപരമായ വിരോധം മൂലം കള്ളങ്ങൾ എഴുതിപ്പിടിപ്പിച്ചിട്ടുള്ളവയാണെന്നത് ജനങ്ങൾക്ക് പൊതുവെ അറിയാവുന്ന കാര്യമാണ്. ജാമ്യം ലഭിക്കാത്ത വകുപ്പുകൾ ചേർക്കാൻവേണ്ടി അതിനു പറ്റുന്ന രീതിയിൽ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചായിരിക്കും പലപ്പോഴും പരാതികൾ നൽകപ്പെടുന്നത്. അപ്പോൾ ആ പരാതിയുടെ മാത്രം അടിസ്ഥാനത്തിൽ ഒരു വ്യക്തിയെ താറടിച്ചു കാണിക്കാനും പരിഹസിക്കാനും അധമനായി അവതരിപ്പിക്കാനും എളുപ്പമാണ്. എന്നാൽ,​ ഇതിന് ഒരു മറുവശമുണ്ടെന്ന എതിർകക്ഷിയുടെ വിശദീകരണം കൂടി വരുമ്പോഴേ പരാതിയുടെ നിജസ്ഥിതിയെക്കുറിച്ച് പ്രേക്ഷകന് ഒരു വിലയിരുത്തൽ നടത്താനാവൂ എന്ന പ്രധാനപ്പെട്ട വസ്തുതയ്ക്ക് ഓൺലൈൻ മാദ്ധ്യമങ്ങൾ ഒരു വിലയും കല്പിക്കാറില്ല.

ഇത്തരം ഉള്ളടക്കം ചമയ്ക്കലും അവതരിപ്പിക്കലും യുട്യൂബർമാരും വ്ളോഗർമാരും ഓൺലൈൻ മീഡിയകളും ഇൻഫ്ളുവൻസർമാരും മറ്റും നിർബാധം തുടർന്നുവരുന്നത് ഒരാൾ മൊബൈൽ ഫോൺ തുറക്കുമ്പോൾത്തന്നെ കാണാവുന്നതാണ്. അശ്ളീല പരാമർശങ്ങൾ നടത്തി നിരപരാധികളെ അപകീർത്തിപ്പെടുത്തുന്നതും ഭിന്നശേഷിക്കാരെപ്പോലും അവരുടെ പരാധീനതകളുടെ പേരിൽ പരിഹസിക്കുന്നതും മറ്റും യാതൊരു നിയന്ത്രണവുമില്ലാതെയാണ് നടന്നുവരുന്നത്. ആർക്കും ആരെക്കുറിച്ചും എന്തും വിളിച്ചുപറയാവുന്ന സ്ഥിതിവിശേഷമാണ് ഇന്ന് സോഷ്യൽ മീഡിയയിൽ നിലനിൽക്കുന്നത്. കാണുന്നവരുടെ എണ്ണം കൂടുന്നതനുസരിച്ച് കൂടുതൽ പണം യുട്യൂബും മറ്റും കൊടുക്കാൻ തുടങ്ങിയതോടെ,​ തികച്ചും തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുകൾ നൽകി അശ്ളീലത്തിന്റെ അകമ്പടിയോടെ പതിവായി മാറിയിരിക്കുന്ന ഈ പോക്ക് ആരോഗ്യകരമായ ഒരു സമൂഹത്തിന്റെ നിലനില്പിനെ ഉലയ്ക്കുന്നതായതിനാൽ ഇതിന് ഒരു നിയന്ത്രണം വേണമെന്ന് പൊതുക്കാര്യ പ്രസക്തർ നിരന്തരം ആവശ്യപ്പെടുന്നതാണ്.

കഴിഞ്ഞ ദിവസം ഒരു കേസിൽ, ഓൺലൈൻ പ്ലാറ്റ്‌ഫോമുകളുടെ അശ്ളീല, നിയമവിരുദ്ധ ഉള്ളടക്കം നിയന്ത്രിക്കാൻ സ്വയംഭരണാധികാര സംവിധാനം വേണമെന്ന് സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത് തികച്ചും സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. നിലവിലെ സ്വയം നിയന്ത്രണ രീതിയിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ബാഗ്‌ചി എന്നിവരുടെ ബെഞ്ച് അതൃപ്തി രേഖപ്പെടുത്തുകയും ചെയ്ത‌ു. ഓൺലൈൻ മാദ്ധ്യമങ്ങളുടെ ഉള്ളടക്കത്തിന്റെ നിയമസാധുത പരിശോധിക്കാൻ സ്വതന്ത്ര‌വും നിഷ്‌പക്ഷവുമായ സംവിധാനം ആവശ്യമാണ്. ആവിഷ്‌കാര സ്വാതന്ത്ര്യ‌ം പ്രധാനമാണെങ്കിലും ജീവിക്കാനുള്ള അവകാശമാണ് അതിനു മുകളിൽ നിൽക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടിയത് ഇന്നത്തെ സാഹചര്യത്തിൽ പൂർണമായും ശരിയാണ്.

'ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് ഷോ"യിൽ യുട്യൂബർ നടത്തിയ അശ്ലീല പരാമർശവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് നിയന്ത്രണവുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശത്തിന്റെ കരട് പ്രസിദ്ധീകരിക്കാനും വിഷയം പഠിക്കാൻ വിദഗ്ദ്ധരുടെ സമിതി രൂപീകരിക്കാനും കേന്ദ്രത്തോട് കോടതി നിർദ്ദേശിച്ചത്.

സർക്കാരിനോടും സ്വകാര്യ മേഖലയോടും വ്യക്തികളോടും രാഷ്ട്രീയക്കാരോടും വിധേയത്വം പുലർത്താത്തവരായിരിക്കണം ഇത്തരം സമിതിയിൽ അംഗങ്ങളായി വരേണ്ടത്. ഇവരെ എങ്ങനെയാവണം സർക്കാർ കണ്ടെത്തേണ്ടതെന്നതും കോടതി നിർദ്ദേശം നൽകേണ്ടതാണ്. ഇല്ലെങ്കിൽ സർക്കാർ നിയമിക്കുന്ന അംഗങ്ങൾ,​ സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന വാർത്തകളുടെ ഉള്ളടക്കം മാത്രം വെട്ടുന്നവരായി മാറാൻ സാദ്ധ്യതയില്ലാതില്ല. പൊതുമദ്ധ്യത്തിൽ കൂടിയാലോചനകൾ നടത്തി വേണം നിർദ്ദേശങ്ങൾ സമർപ്പിക്കേണ്ടത് എന്ന് കോടതി പറഞ്ഞിട്ടുള്ളതിനാൽ ആ വഴിക്ക് അടിയന്തരമായി നീങ്ങാനുള്ള നടപടിയാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്. പരിധി ലംഘിക്കുന്ന ഉള്ളടക്കവുമായുള്ള ഓൺലൈൻ മാദ്ധ്യമങ്ങളുടെ ഇപ്പോഴത്തെ കൈവിട്ട പോക്ക് നിയന്ത്രിക്കപ്പെടേണ്ടതു തന്നെയാണ്.