'രണ്ട് പതിറ്റാണ്ട് കോൺഗ്രസ് പ്രസിഡന്റായിരുന്നു, അവരും അധികാരം ത്യജിച്ചിട്ടുണ്ട്', സോണിയാ ഗാന്ധിയെ പ്രകീർത്തിച്ച് ഡി കെ ശിവകുമാർ

Friday 28 November 2025 9:07 PM IST

ബംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള അധികാര വടംവലി തുടരുകയാണ്. ഇതിനിടെ തന്റെ പ്രസംഗത്തിൽ സോണിയാ ഗാന്ധിയെ പ്രകീർത്തിച്ച് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. 2004ൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ തിരഞ്ഞെടുപ്പിൽ വിജയിച്ചപ്പോൾ അന്ന് പ്രധാനമന്ത്രിയാകാനുള്ള ഒരു അവസരം സോണിയാ ഗാന്ധി ത്യജിച്ച കാര്യമാണ് ബംഗളൂരുവിലെ പൊതുപരിപാടിയിൽ വച്ച് ഡികെ ശിവകുമാർ പറഞ്ഞത്. സോണിയ തന്റെ അവസരം നിരാകരിച്ച് പകരം മൻമോഹൻ സിംഗിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിർദ്ദേശിക്കുകയാണുണ്ടായത്.

'സോണിയാ ഗാന്ധി 20 വർഷം കോൺഗ്രസ് പ്രസിഡന്റായിരുന്നു. അവരും അധികാരം ത്യജിച്ചിട്ടുണ്ട്. അന്ന് രാഷ്‌ട്രപതിയായ എപിജെ അബ്‌ദുൾ കലാം അവരെ പ്രധാനമന്ത്രിയാകാൻ ക്ഷണിച്ചു. അവർ അത് നിരസിച്ച് പകരം രാജ്യത്തെ വികസനത്തിലേക്ക് നയിക്കാനാകുന്ന വ്യക്തി എന്ന നിലയിൽ മൻമോഹൻ സിംഗിനെ നിർദ്ദേശിച്ചു.' ഡി കെ ശിവകുമാർ പറഞ്ഞു. സിദ്ധരാമയ്യ നയിക്കുന്ന കോൺഗ്രസ് സർക്കാരിനൊപ്പം എപ്പോഴും നിൽക്കണമെന്നും 2028ലെ തിരഞ്ഞെടുപ്പിൽ തുടർന്നും ഭരണത്തിൽ വരാൻ തങ്ങളെ അനുഗ്രഹിക്കണമെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്ന് സിദ്ധരാമയ്യയോട് ഡികെ ക്യാമ്പിലെ പ്രവർത്തകർ കഴിഞ്ഞയാഴ്‌ച ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചർച്ചചെയ്യാൻ ഇരുവരെയും ഡൽഹിക്ക് വിളിപ്പിക്കുമെന്ന് കോൺഗ്രസ് നേതൃത്വം സൂചിപ്പിച്ചെങ്കിലും ഇത്തരത്തിൽ ആരും തങ്ങളോട് പറഞ്ഞില്ലെന്നാണ് സിദ്ധരാമയ്യയും ഡി കെ ശിവകുമാറും വ്യക്തമാക്കിയത്.