പതിമൂന്നുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 78 വർഷം കഠിനതടവ്
തിരുവനന്തപുരം: പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് 78 വർഷം കഠിന തടവിനും നാലേമുക്കാൽ ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി അഞ്ചു മീര ബിർളയുടേതാണ് വിധി. പിഴ അടച്ചില്ലെങ്കിൽ നാലര വർഷം കൂടി തടവ് അനുഭവിക്കണം. പിഴത്തുക കുട്ടിക്ക് നൽകണമെന്നും ലീഗൽ സർവീസ് അതോറിട്ടി നഷ്ടപരിഹാരം നൽകണമെന്നും വിധിയിൽ പറയുന്നു.
2023ൽ കുട്ടി 7-ാം ക്ലാസിൽ പഠിക്കുമ്പോഴാണ് സംഭവം. ആദ്യ വിവാഹം വേർപിരിഞ്ഞ കുട്ടിയുടെ അമ്മ പ്രതിയുമായി പ്രണയത്തിലാവുകയും പ്രതിയെ വിവാഹം കഴിക്കുകയുമായിരുന്നു. വിവാഹശേഷം കുറച്ചുനാൾ കഴിഞ്ഞാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്. പ്രതിയുടെ ഭീഷണിയിൽ കുട്ടി വിവരം പുറത്തുപറഞ്ഞില്ല. ഇതിനിടെ, കുട്ടിയുടെ അനുജൻ വീട്ടിൽ വന്നപ്പോൾ പ്രതി കുട്ടിയെ പീഡിപ്പിക്കുന്നത് കണ്ടു. അനുജൻ വിവരം അമ്മയെ അറിയിച്ചതിനെ തുടർന്ന് അമ്മ പ്രതിയോട് ചോദിച്ചപ്പോൾ അമ്മയെ ക്രൂരമായി മർദിക്കുകയായിരുന്നു. തുടർന്ന് അമ്മ പൊലീസിൽ പരാതി നൽകി.
രണ്ടാനച്ഛനായ പ്രതിയുടെ പ്രവൃത്തി ഒരിക്കലും അംഗീകരിക്കാൻ പറ്റില്ലെന്നും പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി. ഫോർട്ട് സി.ഐ, ജെ.രാകേഷ്, എസ്.ഐ മാരായ അഭിജിത്ത്. എം,ശ്രീജേഷ്.എസ്.എസ് എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.