കൊളവല്ലൂരിൽ ത്രികോണ പോര്
കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്തിലെ കൊളവല്ലൂർ ഡിവിഷനിൽ മൂന്നു മുന്നണികളും കരുത്തുകാട്ടാനുള്ള കഠിനപ്രയത്നത്തിലാണ്. 56 വാർഡുകളുള്ള ഡിവിഷൻ തൃപ്പങ്ങോട്ടൂർ പഞ്ചായത്തിലെ 18 ,കുന്നോത്തുപറമ്പ് പഞ്ചായത്തിലെ 23 , മൊകേരി പഞ്ചായത്തിലെ 15 വാർഡുകൾ ഉൾപ്പെട്ടതാണ്. ഓരോ പഞ്ചായത്തും വ്യത്യസ്ത രാഷ്ട്രീയ ചായ്‌വുകൾ പ്രകടമാക്കുന്നതിനാൽ ഡിവിഷനിലെ രാഷ്ട്രീയസമവാക്യം അങ്ങേയറ്റം സങ്കീർണമാണ്.
മൊകേരിയിലും കുന്നോത്തുപറമ്പിലും എൽ.ഡി.എഫാണ് ഭരിക്കുന്നത്. എന്നാൽ, കുന്നോത്തുപറമ്പിലും തൃപ്പങ്ങോട്ടൂരിലും യു.ഡി.എഫിന് കരുത്തുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആർ.ജെ.ഡിയിലെ ഉഷാ രയരോത്ത് ആയിരത്തിലധികം വോട്ടിനാണ് ഇവിടെ വിജയിച്ചത്. ഇക്കുറിയും എൽ.ഡി.എഫ് ഇവിടെ ആത്മവിശ്വാസത്തിലാണ്.തൃപ്പങ്ങോട്ടൂരിലും കുന്നോത്തുപറമ്പിലുമുള്ള മുൻതൂക്കം പരമാവധി പ്രയോജനപ്പെടുത്താനാണ് യു.ഡി.എഫിന്റെ നീക്കം.കോൺഗ്രസിൽ നിന്ന് ഇക്കുറി മുസ്ലിം ലീഗ് ചോദിച്ചു വാങ്ങിയതാണ് ഈ ഡിവിഷൻ. ബി.ജെ.പിക്ക് ശക്തമായ വേരോട്ടമുള്ള ഡിവിഷനിൽ എൻ.ഡി.എയും വലിയ പ്രതീക്ഷയിലാണ്.
അങ്കത്തട്ടിൽ ഇവർ ആർ.ജെ.ഡി ജില്ലാ ജനറൽ സെക്രട്ടറിയും ദേശീയ സമിതി അംഗവുമായ രവീന്ദ്രൻ കുന്നോത്താണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. മോട്ടോർ ആൻഡ് എൻജിനീയേഴ്സ് ലേബറേഴ്സ് സെന്റർ (എച്ച്.എം.എസ്) സംസ്ഥാന സെക്രട്ടറി കൂടിയായ അദ്ദേഹം എൽ.ഡി.എഫ് കൂത്തുപറമ്പ് നിയോജക മണ്ഡലം കൺവീനർ കൂടിയാണ്. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി കടവത്തൂർ സി.കെ. മുഹമ്മദലിയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. എം.എസ്.എഫ് ജില്ലാ പ്രസിഡന്റ്, സംസ്ഥാന കാമ്പസ് കൺവീനർ ,കെ.എച്ച്.എസ്.ടി.യു ജില്ല സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച ഇദ്ദേഹം പി.കെ.എം.എച്ച്.എസ്.എസ് ഹയർ സെക്കൻഡറി അദ്ധ്യാപകനാണ്. യൂണിവേഴ്സിറ്റി ഷട്ടിൽ ബാഡ്മിന്റൺ ചാമ്പ്യൻ കൂടിയായ ഇദ്ദേഹം ആദ്യമായാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. യുവമോർച്ച കണ്ണൂർ സൗത്ത് ജില്ലാ അദ്ധ്യക്ഷനായ അർജുൻ വാസുദേവാണ് എൻ.ഡി.എ സ്ഥാനാർത്ഥി.സൗത്ത് പാട്യം യു.പി സ്‌കൂൾ അദ്ധ്യാപകനായ ഇദ്ദേഹം ഹിന്ദു ഐക്യവേദി തലശ്ശേരി താലൂക്ക് സെക്രട്ടറി, എൻ.ടി.യു കൂത്തുപറമ്പ് ഉപജില്ലാ അദ്ധ്യക്ഷൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.