'മുഖ്യാതിഥിക്ക് ' മിന്നും വിജയം
ആലപ്പുഴ: ജില്ലാ കലോത്സവത്തിന്റെ ഉദ്ഘാടന വേദിയിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ അവസരം ലഭിച്ച ചേർത്തല മുട്ടം ഹോളി ഫാമിലി എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ദേവനന്ദൻ.എസ്.മേനോന് സംഗീത ഇനങ്ങളിൽ തിളക്കമാർന്ന വിജയം. എച്ച്.എസ് വിഭാഗം ശാസ്ത്രീയ സംഗീതം, കഥകളി സംഗീതം, സംസ്കൃത ഗാനാലാപനം എന്നിവയിൽ ഒന്നാം സ്ഥാനത്തോടെ എ ഗ്രേഡും മലയാളം പദ്യം ചൊല്ലലിൽ എ ഗ്രേഡും കരസ്ഥമാക്കിയാണ് തൃശൂരിൽ അരങ്ങേറുന്ന സംസ്ഥാന സ്കൂൾ കലോത്സവ വേദിയിലേക്ക് ദേവാനന്ദൻ പോകുന്നത്. കഴിഞ്ഞവർഷവും ഈ നാലിനങ്ങൾക്കും റവന്യൂ ജില്ലയിൽ ഒന്നാം സ്ഥാവും സംസ്ഥാനതലത്തിൽ എ ഗ്രേഡും ലഭിച്ചിരുന്നു. ശാസ്ത്രീയ സംഗീതത്തിൽ മരുത്തോർവട്ടം ഉണ്ണിക്കൃഷ്ണനാണ് ഗുരു. കഥകളി സംഗീതത്തിൽ പള്ളിപ്പുറം സന്ദീപും , ഗാനാലാപനത്തിൽ ഹോളി ഫാമിലി സ്കൂളിലെ വൈഷ്ണ ടീച്ചറും, പദ്യം ചൊല്ലലിൽ ജ്യോതി ടീച്ചറും ഗുരുക്കന്മാരാണ്. പിതാവ് വി.ശ്രീഹരി ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിലെ തന്നെ അദ്ധ്യാപകനാണ്. മാതാവ് എൻ.ബിജി മുഹമ്മദ് കെ.പി മെമ്മോറിയൽ യു.പി സ്കൂളിലെ അദ്ധ്യാപികയാണ്.