കുതിപ്പിനൊരുങ്ങി ആദ്യ സ്വകാര്യ പി.എസ്.എൽ.വി
തിരുവനന്തപുരം: സ്വകാര്യമേഖലയിൽ നിർമ്മിച്ച പി.എസ്.എൽ.വി റോക്കറ്റ് ആദ്യ വിക്ഷേപണത്തിന് തയ്യാർ. ഐ.എസ്.ആർ.ഒ.യുടെ ഇ.ഒ.എസ്-10 ഭൂനിരീക്ഷണ ഉപഗ്രഹമാണ് രണ്ടു മാസത്തിനുള്ളിൽ വിക്ഷേപിക്കുക. എൽ.ആൻഡ്.ടി.യും എച്ച്.എ.എല്ലും ചേർന്നുള്ള കൺസോർഷ്യമാണ് റോക്കറ്റ് നിർമ്മാതാക്കൾ.
ഐ.എസ്.ആർ.ഒയാണ് ഇതുവരെ റോക്കറ്റുകൾ നിർമ്മിച്ചിരുന്നത്. 2022ലാണ് ഇൻസ്പെയ്സ് ഏജൻസിയുടെ മദ്ധ്യസ്ഥതയിൽ പി.എസ്.എൽ.വി എക്സ് എൽ പതിപ്പിന്റെ സാങ്കേതികവിദ്യ കൺസോർഷ്യത്തിന് കൈമാറിയത്. ആദ്യ അഞ്ച് വിക്ഷേപണങ്ങൾ ഐ.എസ്.ആർ.ഒയ്ക്ക് വേണ്ടിയായിരിക്കണം. പിന്നീട് സ്വകാര്യ വിക്ഷേപണങ്ങൾ നടത്താം.
ഐ.എസ്.ആർ.ഒ വികസിപ്പിച്ച ചെറുവിക്ഷേപണ റോക്കറ്റായ എസ്.എസ്.എൽ.വിയുടെ നിർമ്മാണ കരാറും എച്ച്. എ.എല്ലിന് കൈമാറിയിട്ടുണ്ട്. 500 കിലോഗ്രാം വരെ ഭാരമുള്ള ഉപഗ്രഹങ്ങൾ വിക്ഷേപിക്കാം. സ്വകാര്യവത്കരണത്തോടെ ഉപഗ്രഹവിക്ഷേപണ വിപണിയുടെ വലിയ മാർക്കറ്റാണ് രാജ്യത്ത് തുറക്കുന്നത്. ആഗോളതലത്തിൽ 3.93 ലക്ഷം കോടി രൂപയാണ് ബഹിരാകാശ വിക്ഷേപണ വിപണിക്കുള്ളത്.
54 വിക്ഷേപണം
മികവിൽ മുന്നിൽ
1993ലാണ് പി.എസ്.എൽ.വി റോക്കറ്റ് ഐ.എസ്.ആർ.ഒ അവതരിപ്പിച്ചത്
2000 കിലോഗ്രാം വരെ ഭാരമുള്ള ഉപഗ്രഹങ്ങൾ ബഹിരാകാശത്തെത്തിക്കും
ഇതുവരെ 54 വിക്ഷേപണങ്ങൾ. ലോകത്തെ ഏറ്റവും മികച്ച റോക്കറ്റുകളിലൊന്ന്
ഒരു റോക്കറ്റ് വിക്ഷേപണത്തിന് ഐ.എസ്.ആർ.ഒയ്ക്ക് ചെലവ് 200 കോടി