ചുവപ്പൻ കോട്ടയായി കുഞ്ഞിമംഗലം ആത്മവിശ്വാസത്തോടെ യു.ഡി.എഫ്

Friday 28 November 2025 9:50 PM IST

കണ്ണൂർ: കുഞ്ഞിമംഗലം ഡിവിഷൻ ജില്ലാപഞ്ചായത്തിൽ ഇടതുകോട്ടയായാണ് ഇതുവരെ നിലകൊണ്ടിട്ടുള്ളത്.

സമീപകാലത്ത് രാമന്തളി ഗ്രാമപഞ്ചായത്തിലടക്കമുണ്ടായ വിജയങ്ങളിലൂടെ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്.ശക്തി തെളിയിക്കാനുള്ള അവസരമായി എൻ.ഡി.എയും തിരഞ്ഞെടുപ്പിനെ കാണുന്നു.

രാമന്തളി, കുഞ്ഞിമംഗലം, ചെറുതാഴം എന്നീ മൂന്ന് ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് ഈ ഡിവിഷൻ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെ യുവനേതാവ് സി.പി.ഷിജു 19737 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. മൂന്നിടത്തും നിലവിൽ എൽ.ഡി.എഫ് ഭരണവുമാണ്.എന്നാൽ രാമന്തളി പഞ്ചായത്തിലെ 15 വാർഡുകളിൽ ഏഴെണ്ണം നേടിയതിന്റെ ആത്മവിശ്വാസം കോൺഗ്രസ് നേതൃത്വത്തിനുണ്ട്.പുതുതലമുറയുടെ രാഷ്ട്രീയം തങ്ങൾക്ക് അനുകൂലമെമെന്നാണ് യു.ഡി.എഫിന്റ പ്രതീക്ഷ. എന്നാൽ മോദി സർക്കാരിന്റെ നേട്ടങ്ങൾ പ്രാദേശിക തലത്തിലേക്ക് കൊണ്ടുവരാനാകുമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി. വോട്ട് വിഹിതം കൂട്ടുകയെന്നതാണ് യു.ഡി.എഫിന്റെയും എൻ.ഡി.എയുടെയും പ്രാഥമിക ലക്ഷ്യം. മൂന്ന് മുന്നണികളും പരിചയസമ്പന്നരായ വനിതാനേതാക്കളെയാണ് രംഗത്തിറക്കിയെന്നതാണ് കുഞ്ഞിമംഗലത്തെ വ്യത്യസ്തമാക്കുന്നത്.

അങ്കത്തട്ടിൽ ഇവർ മാട്ടൂൽ എം.ആർ.യു.പി സ്‌കൂൾ റിട്ട.പ്രധാനാദ്ധ്യാപികയും ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന നിർവാഹക സമിതി അംഗവും ജില്ലാ പ്രസിഡന്റുമായ പി.വി.ജയശ്രീയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. വിദ്യാഭ്യാസ,​സാമൂഹിക,​സാംസ്‌കാരിക മേഖലയിൽ വിപുലമായ പ്രവർത്തനപരിചയമാണ് ഇവരുടെ കരുത്ത്. സി.പി.എമ്മിലും അദ്ധ്യാപക സംഘടനകളിലും സജീവമായിരുന്ന ടീച്ചർ പ്രാദേശിക സംഘടനാ പ്രവർത്തനങ്ങളിലും മുൻനിരക്കാരിയാണ്. സി.എം.പിയുടെ ഷാഹിന അബ്ദുല്ലയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. പഴയങ്ങാടി വനിത സഹകരണ സംഘം ഡയറക്ടറും കേരള മഹിളാ ഫെഡറേഷൻ ഭാരവാഹിയുമായി രാഷ്ട്രീയ,​സാമൂഹ്യരംഗത്ത് സജീവമാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയും. ബി.ജെ.പിയിൽ സജീവ പ്രവർത്തനപരിചയമുള്ള സുമിതാ അശോകനെ മുൻനിർത്തിയാണ് എൻ.ഡി.എ പോരാട്ടം.ബി.ജെ.പി കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റും മാടായി മണ്ഡലം മഹിളാ മോർച്ചാ മുൻപ്രസിഡന്റുമായിരുന്നു.