19കാരി അനേയയ്ക്കൊപ്പം പൊലീസുകാരനടക്കം നാലുപേരും,​ സമ്പാദിച്ചത് ലക്ഷങ്ങൾ

Friday 28 November 2025 9:51 PM IST

പത്തനംതിട്ട : ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ച് വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തിയ സംഘത്തിൽപ്പെട്ട 19കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു, നാലാംപ്രതിയും ഉത്തർപ്രദേശി വാരാണസി സ്വദേശിയുമായ അനേയ എന്നു വിളിക്കുന്ന പാലക്ക് സിംഗിനെയാണ് പത്തനംതിട്ട സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്.

ഓൺലൈൻസംവിധാനങ്ങൾ ഉപയോഗിച്ച് വ്യക്തികളുടെ സ്വകാര്യ വിവരങ്ങളും മൊബൈൽ നമ്പറുകളുടെ ലൈവ് ലൊക്കേഷനുകളും കോൾഡാറ്റ റെക്കോ‌ർഡുകളും നിയമ നിർവഹണ ഏജൻസികൾ അറിയാതെ ചോർത്തിയെടുത്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസിലാണ് അറസ്റ്റ് . കേസിലെ ഒന്നാം പ്രതി അടൂർ സ്വദേശി ജോയൽ വി. ജോസ്,​ സഹായിയായ രണ്ടാംപ്രതി ഗുജറാത്ത് സ്വദേശി ഹിരാൽ ബെൻ അനൂജ് പട്ടേൽ (37)​,​ മൂന്നാം പ്രതി ഉത്തർപ്രദേശ് സ്വദേശി പ്രവീൺകുമാർ എന്നിവരെ അന്വേഷണ സംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഉത്തർപ്രദേശ് പ്രതാപ് നഗർ ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ കാൾ സർവയലൻസ് ഓഫീസറായിരുന്നു കോൺസ്റ്റബിൾ കൂടിയായ പ്രവീൺ കുമാർ.

കേസിൽ പത്തനംതിട്ട എസ്.പി ആനന്ദ് ആറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. അന്വേഷണത്തിൽ നാലാം പ്രതി അനേയ വാരണാസിയിൽ ഉള്ളതായി കണ്ടെത്തി. തുടർന്ന് എസ്.പിയുടെ നിർദ്ദേശ പ്രകാരം ജില്ലാ ക്രൈം റെക്കോഡ്സ് ബ്യൂറോ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ബിനു വർഗീസിന്റെ മേൽനോട്ടത്തിൽ പത്തനംതിട്ട സൈബർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സുനിൽ കൃഷ്ണൻ ബി.കെ,​ സബ് ഇൻസ്പെക്ടർ ആശ വി,​ഐ,​ എ.എസ്.ഐ ശ്രീകുമാർ സി.ആർ,​ സീനിയൽ സിവിൽ പൊലീസ് ഓഫീസർമാരായ രാജേഷ് ജെ,​ പ്രസാദ് എ.ആർ,​ സിവിൽ പൊലീസ് ഓഫീസർ സഫൂറാ മോൾ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ വാരണാസിയിൽ നിന്ന് അറ സ്റ്റ് ചെയ്തത്.