അവസാന ദിനവും 'ശബ്ദം' പാളി
Saturday 29 November 2025 12:53 AM IST
ആലപ്പുഴ: ജില്ലാ കലോത്സവത്തിന്റെ അവസാന ദിനവും ശബ്ദക്രമീകരണങ്ങൾ ആകെ പാളി. നാടകം, മൈം ഇനങ്ങളിലാണ് ശബ്ദ ക്രമീകരണങ്ങൾക്കെതിരെ വ്യാപക പരാതി ഉയർന്നത്. ലിയോ തേർട്ടീന്ത് സ്കൂളിൽ നടന്ന യു.പി വിഭാഗം നാടകം മത്സരത്തിൽ സംഭാഷണം കേൾക്കാൻ സാധിച്ചില്ല. കുട്ടികളുടെ ഉയരത്തിനൊത്ത് മൈക്ക് ക്രമീകരിക്കാത്തതായിരുന്നു പ്രശ്നം. മൈം നടന്ന മുഹമ്മദൻസ് ഗേൾസ് എച്ച്.എസ്.എസിൽ മത്സരാർത്ഥികൾക്ക് പശ്ചാത്തല സംഗീതം കൃത്യമായി കേൾക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന് ഒരു ടീം പകുതിയിൽ വച്ച് അഭിനയം നിറുത്തി. മറ്റു ടീമുകൾ പിന്നീട് പരാതിയുമായി അധികൃതരെ സമീപിച്ചു. കലോത്സവത്തിന്റെ മൂന്നാംദിനത്തിലും ശബ്ദ ക്രമീകരണത്തെപ്പറ്റി പരാതി ഉയർന്നിരുന്നു. ശബ്ദക്രമീകരണത്തിലെ ഗുരുതര പാളിച്ച സെന്റ് ജോസഫ് എൽ.പി സ്‌കൂൾ പരിസരത്തെ സംഘർഷ വേദിയാക്കി മാറ്റിയിരുന്നു.