ലഹരിക്കടത്ത് തടയാൻ സ്പെഷ്യൽ ഡ്രൈവ് തിരഞ്ഞെടുപ്പാകണം ലഹരി
കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പ് പ്രമാണിച്ച് ഡിസംബർ 15 വരെ ജില്ലയിലെ അതിർത്തികളിൽ എക്‌സൈസ് സ്‌പെഷ്യൽ എൻഫോഴ്സ്‌മെന്റ് ഡ്രൈവ്. കൂട്ടുപുഴ, മാഹി എന്നീ അതിർത്തി പ്രദേശങ്ങളിൽ 24 മണിക്കൂറും ബോർഡർ പെട്രോളിംഗ് ശക്തമാക്കിയെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ പി.കെ.സതീഷ്‌കുമാർ പറഞ്ഞു., ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണറുടെ മേൽനോട്ടത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാതല കൺട്രോൾ റൂം പ്രവർത്തിക്കും. ജില്ലയെ മൂന്ന് മേഖലകളായി തിരിച്ച് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർമാരുടെ മേൽനോട്ടത്തിൽ 24 മണിക്കൂറും സ്‌ട്രൈക്കിംഗ് ഫോഴ്സുകളും പ്രവർത്തിക്കും. ഇതിന് പുറമെ വനംവകുപ്പ്, പൊലീസ് എന്നിവയുമായി ചേർന്ന് സംയുക്ത റെയ്ഡുകളും നടത്തും. തീരപ്രദേശങ്ങൾ, അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകൾ, റെയിൽവേ സ്റ്റേഷൻ പരിസരം എന്നിവിടങ്ങളിലും പരിശോധന ശക്തമാക്കും. കഴിഞ്ഞ 15 നാണ് സ്‌പെഷ്യൽ എൻഫോഴ്സ്‌മെന്റ് ഡ്രൈവ് ആരംഭിച്ചത്..432 അബ്കാരി കേസുകളിൽ 354 പ്രതികളെ പിടികൂടി.
എ.ഡി.എം കലാ ഭാസ്‌കറിന്റെ അദ്ധ്യക്ഷതയിൽ ജില്ലാതല ജനകീയസമിതി സ്ഥിതിഗതികൾ അവലോകനം ചെയ്തു. അസി.എക്‌സൈസ് കമ്മീഷണർ സജിത്ത് കുമാർ, വിമുക്തി അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ഡി. അരുൺ, പോലീസ്, വനം, വിദ്യാഭ്യാസം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.
ലഹരിക്ക് തടയിടാൻ
പഞ്ചായത്തുകളിലും നഗരസഭകളിലും ജനകീയ സമിതികൾ വിളിക്കും
വാർഡുതല കമ്മറ്റികൾ രൂപീകരിച്ച് യോഗം ചേരും
സ്‌കൂൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവത്കരണം
വിമുക്തി പ്രവർത്തനങ്ങൾ തുടരും.
പിടികൂടിയത് 11055 ലിറ്റർ സ്പിരിറ്റ്
ജില്ലയിൽ കഴിഞ്ഞ ആഗസ്റ്റ് 27ന് ശേഷം 11055 ലിറ്റർ സ്പിരിറ്റ് പിടികൂടിയതായി എക്സൈസ് അറിയിച്ചു. ജില്ലയിലാകെ 2775 റെയ്ഡുകളാണ് നടത്തിയത്. ഡ്രൈവിനിടെ 36784 വാഹന പരിശോധനകളും സ്‌കൂൾ പരിസരങ്ങളിൽ 1041 പരിശോധനകളും നടത്തി. അബ്കാരി കേസുകളിൽ 19 വാഹനങ്ങളും എൻ.ഡി.പി.എസ് കേസുകളിലായി ഒൻപത് വാഹനങ്ങളും പിടികൂടി. പതിനാല് ലക്ഷം രൂപയുടെ കുഴൽപ്പണവും പിടിച്ചു.
എക്സൈസ് പരിശോധനയിൽ പിടികൂടിയത്
3485 ലിറ്റർ വാഷ്
1092.960 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം
121.250 ലിറ്റർ ചാരായം
245.750 ലിറ്റർ ഇതര സംസ്ഥാന മദ്യം
73.500 ലിറ്റർ ബിയർ
20.400 ലിറ്റർ കള്ള്
37.500 ലിറ്റർ വ്യാജമദ്യം
24.773 കിലോ ഗ്രാം കഞ്ചാവ്
27.521 ഗ്രാം എം.ഡി.എം.എ
59.522 ഗ്രാം മെത്താംഫിറ്റമിൻ
59.522 ഗ്രാം ലഹരി ഗുളികകൾ