ഫുൾ ഫോമിലാണ് ജെൻസി സ്ഥാനാർത്ഥികൾ
കണ്ണൂർ:ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിലേക്ക് ഇക്കുറി പുതുമുഖ വനിതാ സ്ഥാനാർത്ഥികളുടെ വൻനിര തന്നെയാണ് രംഗത്തുള്ളത്. പുതുതലമുറ സ്ഥാനാർത്ഥികൾ വോട്ടർമാർക്കിടയിലേക്ക് ഇറങ്ങുന്നതും ഊർജ്ജസ്വലതയോടെയാണ്. പൊതുവേ രാഷ്ട്രീയകാര്യങ്ങളിൽ വിമുഖത കാണിക്കുന്ന ജെൻസി തലമുറയും ഇതുകൊണ്ടുതന്നെ ഇക്കുറി തിരഞ്ഞെടുപ്പിനെ ശ്രദ്ധയോടെയാണ് കാണുന്നത്.
മൂന്ന് മുന്നണികളും യുവാക്കൾക്ക് പ്രാധാന്യം നൽകിയാണ് സ്ഥാനാത്ഥികളെ ഇറക്കിയത്. ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ പതിനാറാം വാർഡ് വട്ടോളിയിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായ സി.ഐശ്വര്യയാണ് കൂട്ടത്തിൽഏറ്റവും പ്രായം കുറഞ്ഞയാൾ.കഴിഞ്ഞ ജനുവരി ആറിനാണ് ഐശ്വര്യക്ക് 21 വയസ്സ് പൂർത്തിയായത്.ഐശ്വര്യയുടെ അമ്മ സി.സതി രണ്ടാം വാർഡിൽ എൻ.ഡി.എ സ്ഥാനാർത്ഥിയാണ്.
ഇരിട്ടി നഗരസഭയിലെ രണ്ടാം വാർഡായ വട്ടക്കയത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥി 22 വയസ്സുകാരി നവ്യ.സി.സന്തോഷും കുറഞ്ഞ പ്രായക്കാരിൽ പെടും.ഇരിട്ടി നഗരസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയാണ് നവ്യ.തലശ്ശേരി ബ്രണ്ണൻ കോളേജ് മുൻ യു.യു.സി, ബാലസംഘം ജില്ലാ നിർവാഹക സമിതി അംഗം ,എസ്.എഫ്.ഐ ഇരിട്ടി ഏരിയ വൈസ് പ്രസിഡന്റ് ,ഡി.വൈ.എഫ്.ഐ യൂണിറ്റ് ജോയിന്റ് സെക്രട്ടറി ,സി.പി.എം ബ്രാഞ്ച് അംഗം എന്നിങ്ങനെ വിവിധ തലങ്ങളിൽ പ്രവർത്തിച്ചുവരികയായിരുന്നു ഈ പെൺകുട്ടി.
കുറ്റ്യാട്ടൂർ പഞ്ചായത്തിലെ കട്ടോളിയിൽ യു.ഡി.എഫിന്റെ സ്ഥാനാർത്ഥി ദർശന സുരേഷാണ് മറ്റൊരു ജൻസി സ്ഥാനാർത്ഥി.സി.പി.എമ്മിന്റെ എം.പി.ശൈലയാണ് എതിർ സ്ഥാനാർത്ഥി.ദർശനയുടെ അമ്മ ഷീന ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മാണിയൂർ ഡിവിഷനിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയാണ്.
.കോളയാട് പഞ്ചായത്തിലെ അഞ്ചാം വാർഡ് വായന്നൂരിൽ മത്സരിക്കുന്ന യു.ഡി.എഫിലെ അമയ ദിനേശും ഇതെ ഗണത്തിൽപെടുന്നു .ഇരുപത്തിരണ്ടുകാരിയായ അമയ മാങ്ങാട്ടു പറമ്പ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ പി.ജി ജേർണലിസം രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്.
ജില്ലാപഞ്ചായത്തിലേക്കുമുണ്ട് ജെൻസി സ്ഥാനാർത്ഥി
കണ്ണൂർ ജില്ലാ പഞ്ചായത്ത് പേരാവൂർ ഡിവിഷനിൽ സി.പി.എമ്മിനു വേണ്ടി മത്സരിക്കുന്ന 22കാരി നവ്യ സുരേഷും ജെൻസി തലമുറയിൽ പെട്ടയാളാണ്. പേരാവൂർ പാറമുണ്ട സ്വദേശിയാണ്