ഇഴ‌ജന്തുക്കൾക്ക് പാർക്കാൻ സർക്കാർ വക കെട്ടിടം

Saturday 29 November 2025 1:17 AM IST

വെഞ്ഞാറമൂട്: ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ റവന്യൂഭൂമി ഏറ്റെടുത്ത് നിർമിച്ച ഹോട്ടൽ സമുച്ചയവും വഴിയോര വിശ്രമകേന്ദ്രവും സംരക്ഷണമില്ലാതെ നശിക്കുന്നു. കെട്ടിടത്തിന് ചുറ്റും കാടുമൂടിയതോടെ ഇവിടെ ഇഴ‌ജന്തുക്കളുടെയും പന്നികളുടെയും വിഹാരകേന്ദ്രമായി. ദീർഘദൂര യാത്രക്കാരെ ലക്ഷ്യമിട്ട് കീഴായിക്കോണത്ത് കോടികൾ മുടക്കി വിശ്രമത്തിനും ഭക്ഷണത്തിനുമായി നിർമ്മിച്ച കെട്ടിടത്തിനാണ് ഈ അവസ്ഥ. ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്യാനും വിശ്രമസ്ഥലവും ശുചിമുറിയും അടങ്ങുന്ന കെട്ടിടവും ഇതിനു സമീപത്തായി ഹോട്ടൽ സമുച്ചയം അടങ്ങുന്ന കെട്ടിടവുമാണ് നിർമിച്ചിരിക്കുന്നത്.

ഇതിന് സമീപത്തായാണ് ഇപ്പോൾ ഫയർ ഫോഴ്സിന്റെ പുതിയ കെട്ടിടം നിർമ്മിക്കുന്നത്. ഈ കെട്ടിടം കൂടി പൂർത്തിയാകുമ്പോൾ സമീപത്ത് വഴിയോര വിശ്രമകേന്ദ്രവും ഹോട്ടലും കൂടിയുണ്ടായിരുന്നെങ്കിൽ ഇവിടം പ്രധാന ജംഗ്ഷനുകളിൽ ഒന്നായേനെ.

 കെട്ടിടങ്ങളും നിർമ്മിച്ചു

2. 26 ഏക്കർ വിസ്തൃതിയുള്ള റവന്യൂ ഭൂമിയായ ഇവിടെ വർഷങ്ങൾക്ക് മുമ്പ് സർക്കാർ പെർമിറ്റോടുകൂടി പാറ പൊട്ടിച്ചിരുന്നു. പതിനഞ്ച് വർഷം മുമ്പ് സംസ്ഥാന ഹൈവേയിൽ നിന്നും 200 മീറ്റർ പരിധിയിലുള്ള എല്ലാ ഖനനങ്ങളും നിറുത്തണമെന്ന ഉത്തരവ് വന്നതോടെ പാറ പൊട്ടിക്കൽ നിറുത്തി. തുടർന്ന് ഈ സ്ഥലത്തിൽ ഒരു ഏക്കർ ഫയർ ഫോഴ്സിനും 1. 26 ഏക്കർ സ്ഥലം ഡി.ടി.പി.സിക്കും കൈമാറി. ഫയർ ഫോഴ്സിന് ലഭിച്ച സ്ഥലത്ത് കെട്ടിടനിർമാണം നടക്കുകയാണ്. ഡി.ടി.പി.സി ഇവിടെ രണ്ടു കെട്ടിടങ്ങൾ നിർമിച്ചു.

 നഷ്ടം മാത്രം

കെട്ടിടത്തിലെ ഹോട്ടൽ സമുച്ചയം സ്വകാര്യ ഹോട്ടൽ ഗ്രൂപ്പിന് ലേലത്തിൽ നൽകിയിരുന്നു. എന്നാൽ 2 വർഷം മാത്രമേ ഹോട്ടൽ പ്രവർത്തിച്ചുള്ളൂ. നഷ്ടം ചൂണ്ടിക്കാട്ടി അടച്ചു. ഇതോടെ പൊതുജനങ്ങൾക്കായി നിർമിച്ച വിശ്രമകേന്ദ്രവും പൂട്ടി. കോടികൾ മുടക്കി നിർമിച്ച കെട്ടിടം കാടുകയറാൻ തുടങ്ങി.