ഹാട്രിക് നേട്ടത്തിന് എൽ.ഡി.എഫ് : തറ പറ്റിക്കാൻ യു.ഡി.എഫ്
- ലോക്‌സഭയിലെ തൃശൂർ ടച്ച് ആവർത്തിക്കാൻ എൻ.ഡി.എ
തൃശൂർ : ജില്ലാ പഞ്ചായത്തിൽ ഹാട്രിക് ലക്ഷ്യമിട്ട് എൽ.ഡി.എഫ് ഇറങ്ങുമ്പോൾ, 2015ൽ കൈവിട്ട ഭരണം ഒരിക്കൽ കൂടി എത്തിപ്പിടിക്കാനുള്ള ശ്രമത്തിലാണ് യു.ഡി.എഫ്. മികച്ച പ്രകടനം ലക്ഷ്യമിട്ട് എൻ.ഡി.എ രംഗത്തെത്തിയതും മികച്ച സ്ഥാനാർത്ഥികളും കൂടിയായതോടെ പല ഡിവിഷനുകളിലും കടുത്ത മത്സരം തന്നെ അരങ്ങേറും. കഴിഞ്ഞതവണ നിരാശാജനകമായിരുന്നു യു.ഡി.എഫിന്റെ പ്രകടനം. 29 സീറ്റിൽ ലഭിച്ചത് അഞ്ചെണ്ണം മാത്രം. എൽ.ഡി.എഫാകട്ടെ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തിലേത് പോലെ ജില്ലാ പഞ്ചായത്തിലും മിന്നും ജയം നേടി. ചേലക്കര, ചൂണ്ടൽ, തിരുവില്വാമല, തൃപ്രയാർ എന്നീ ഡിവിഷനുകളിൽ രണ്ടായിരത്തിൽ താഴെ മാത്രം വോട്ടിനാണ് പരാജയപ്പെട്ടതെന്നും ഇത്തവണ ഇവിടങ്ങളിൽ വിജയിച്ചുകയറാമെന്നും യു.ഡി.എഫ് കണക്ക് കൂട്ടുന്നു. ജയിച്ചാൽ വാഴാനി ഡിവിഷനിലെ മേരി തോമസാണ് എൽ.ഡി.എഫിൽ അദ്ധ്യക്ഷയാകാൻ സാദ്ധ്യതയേറെ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ചേർപ്പ് ഡിവിഷനിൽ രണ്ടാം സ്ഥാനത്തെത്തിയതാണ് ബി.ജെ.പിയുടെ മികച്ചനേട്ടം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ നേട്ടം ഡിവിഷനുകളിൽ ആവർത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അവർ. ഇതിനകം സ്ഥാനാർത്ഥികളുടെ പര്യടനം മൂന്നു മുന്നണികളും ആരംഭിച്ചുകഴിഞ്ഞു. ഇത്തവണ ഡിവിഷനുകളുടെ എണ്ണം 30 ആണ്.
എൽ.ഡി.എഫ് നേടിയവ
വടക്കേക്കാട്, കാട്ടകാമ്പൽ, എരുമപ്പെട്ടി, വള്ളത്തോൾ നഗർ, തിരുവില്വാമല, ചേലക്കര, വാഴാനി, അവണൂർ, പീച്ചി, ആമ്പല്ലൂർ, പുതുക്കാട്, അതിരപ്പിള്ളി, ആളൂർ, പറപ്പൂക്കര, എറിയാട്, കയ്പ്പമംഗലം, തൃപ്രയാർ, കാട്ടൂർ, ചേർപ്പ്, അമ്മാടം, അന്തിക്കാട്, തളിക്കുളം, മുല്ലശേരി, ചൂണ്ടൽ.
യു.ഡി.എഫ് നേടിയവ
കൊരട്ടി, പുത്തൂർ, മാള, അടാട്ട്, കടപ്പുറം
രണ്ടായിരത്തിൽ താഴെ വോട്ടിന് നഷ്ടപ്പെട്ടവ
- യു.ഡി.എഫിന് 4
ചേലക്കര, ചൂണ്ടൽ, തിരുവില്വാമല, തൃപ്രയാർ
- എൽ.ഡി.എഫിന് 2
കൊരട്ടി, മാള
ബി.ജെ.പി രണ്ടാമത്
ചേർപ്പ്
യു.ഡി.എഫ് അനുകൂലം
സർക്കാരിനെതിരെയുള്ള ഭരണ വിരുദ്ധ വികാരം പ്രതിഫലിക്കുക ജില്ലാ പഞ്ചായത്തിൽ പി.എംശ്രീ പദ്ധതിയുടെ പേരിലുള്ള സി.പി.ഐ- സി.പി.എം തർക്കം
എൽ.ഡി.എഫിന്റെ ആത്മവിശ്വാസം
പത്ത് വർഷത്തെ വികസനപ്രവർത്തനം