സൈബർ കേസിൽ നിർണായക അറസ്റ്റ്, ആയുധക്കടത്ത് കേസിലടക്കം കുറ്റവാളി; 11 ദിവസത്തെ ഓപ്പറേഷനിൽ അകത്ത്
കൊച്ചി: റെന്റൽ ആപ്ലിക്കേഷനിൽ വീട് വാടകയ്ക്ക് നൽകാൻ പരസ്യം നൽകിയ ദമ്പതികളിൽ നിന്ന് പണം തട്ടിയ കേസിലെ പ്രതിയെ 11 ദിവസം നീണ്ട ഓപ്പറേഷനിലൂടെ രാജസ്ഥാനിൽ നിന്ന് അറസ്റ്റ് ചെയ്ത് കൊച്ചി സൈബർ പൊലീസ്. ജയ്‌പൂർ മനോഹർപൂർ സ്വദേശി വിക്രം സർധനയാണ് (29) അറസ്റ്റിലായത്. ആയുധക്കടത്ത് ഉൾപ്പെടെ ആറോളം കേസുകളിലെ പ്രതിയാണ് ഇയാൾ. മനോഹർപൂർ പൊലീസിന്റെയും രാജസ്ഥാനിലെ സ്പെഷ്യൽ ഓപ്പറേഷൻ ടീമിന്റെയും സഹായത്തോടെയായിരുന്നു ഓപ്പറേഷൻ. 2023 മാർച്ച് 30നായിരുന്നു പരാതിക്കിടയാക്കിയ സംഭവം. ഒരിക്കലും പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസത്തിലായിരുന്നു 29കാരൻ.
കൊച്ചി സ്വദേശികളായ ദമ്പതികൾ തങ്ങളുടെ നോർത്ത് പറവൂരിലെ വീട് വാടകയ്ക്ക് കൊടുക്കുന്നതിനായി മാജിക് ബ്രിക്‌സ് എന്ന സൈറ്റിൽ ഫോൺ നമ്പറുൾപ്പെടെയുള്ള വിവരങ്ങൾ നൽകിയിരുന്നു. പട്ടാളക്കാരനാണെന്ന് വ്യാജേന ദമ്പതികളെ ഫോണിൽ ബന്ധപ്പെട്ട വിക്രം, വീട് വാടകയ്ക്ക് എടുക്കാൻ താത്പര്യമുണ്ടെന്ന് അറിയിച്ചു. ഡെപ്പോസിറ്റടക്കം തുക നൽകാനും തയ്യാറായി. എന്നാൽ, പണം അക്കൗണ്ടിലുണ്ടെന്നും നിശ്ചിത തുക ഇട്ടാൽ ഇരട്ടിയായി തിരികെ നൽകാമെന്നും ഇത് അക്കൗണ്ടിന്റെ പ്രശ്‌നമാണെന്നും ദമ്പതികളെ പറഞ്ഞ് വിശ്വസിപ്പിച്ചു. തുടർന്ന് 60,000 രൂപയോളം ദമ്പതികൾ കൈമാറി. പണം ഉടൻ ലഭിക്കുമെന്നാണ് കരുതിയത്. പിന്നീട് ഇയാളെ വിളിച്ചാൽ കിട്ടാതെയായി. തുടർന്നാണ് തങ്ങൾ തട്ടിപ്പിന് ഇരയായെന്ന് തിരിച്ചറിഞ്ഞത്. കമ്മിഷണർക്ക് ഇ-മെയിൽ മുഖേന പരാതി നൽകി.
പ്രതിയെ പിടികൂടിയത് രാജസ്ഥാനിലെ ഗ്രാമത്തിൽ നിന്ന്
ആദ്യഘട്ട അന്വേഷണത്തിൽ കാര്യമായ തുമ്പൊന്നും കിട്ടിയില്ല. പിന്നീട് പ്രത്യേക സംഘത്തെ നിയോഗിച്ച് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതി വിക്രമാണെന്ന് ഉറപ്പിച്ചത്. ഗ്രാമത്തിലെ ഇയാളുടെ വീട് അർദ്ധരാത്രി വളഞ്ഞാണ് വിക്രമിനെ പിടികൂടിയത്. തുടർന്ന് ജയ്‌പൂർ കോടതിയിൽ ഹാജരാക്കിയ ശേഷം ട്രാൻസിറ്റ് വാറന്റ് വാങ്ങി കൊച്ചിയിൽ എത്തിച്ചു. പ്രതിയെ പിന്നീട് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യയുടെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം.
പ്രത്യേക സംഘത്തിൽ സി.ഐ ഷമീർ ഖാൻ, എ.എസ്.ഐ ശ്യാം, എസ്.സി.പി.ഒമാരായ അരുൺ ആർ., നിഖിൽ ജോർജ്, അജിത് രാജ്, സി.പി.ഒമാരായ ആൽഫിറ്റ് ആൻഡ്രൂസ്, ഷറഫുദ്ധീൻ പി.എസ്. എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.