ധനകാര്യ സ്ഥാപനത്തിൽ പണം നിക്ഷേപിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി
തലശേരി: തിരുവല്ല ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന നെടുംമ്പറമ്പിൽ ക്രഡിറ്റ് സിൻഡിക്കേറ്റ് എന്ന ധനകാര്യ സ്ഥാപനത്തിന്റെ തലശേരി, ചൊക്ലി ശാഖകളിൽ നിക്ഷേപിച്ച ലക്ഷക്കണക്കിന് രൂപ തിരിച്ച് നൽകാതെ വിശ്വാസവഞ്ചന നടത്തിയതായ പരാതിയിൽ എട്ട് പേർക്കെതിരെ തലശേരി പോലീസ് കേസെടുത്തു. തിരുവങ്ങാട് ഗവ.ഗേൾസ് ഹയർ സെക്കൻഡറിക്കടുത്തുള്ള ചെറിയത്ത് വീട്ടിൽ വി.'വി ഭാരതിയുടെ പരാതിയിൽ നിടുംമ്പറമ്പിൽ ക്രഡിറ്റ് സിൻഡിക്കേറ്റ് എം.ഡി. രാജു ജോർജ്, ഗ്രേസി ജോർജ്, അലൻ ജോർജ്, അൻസൽ ജോർജ്, അബ്രഹാം ഫിലിപ്പ്, തലശേരിയിലെ റീജിനൽ മാനേജർ ശ്രീജിത്ത്, ബ്രാഞ്ച് മാനേജർ രാഗേഷ് എന്നിവർക്കെതിരെയാണ് വിശ്വാസ വഞ്ചനക്ക് കേസെടുത്തിട്ടുള്ളത്. സ്ഥാപനത്തിൽ പണം നിക്ഷേപിച്ചാൽ പന്ത്രണ്ടര ശതമാനം പലിശ നൽകാമെന്ന വാഗ്ദാനത്തിൽ 2021 ഡിസംബർ 31 നും 2024 ജനുവരി 15 നും ഇടയിൽ പരാതിക്കാരിയും, മകൾ അനിഷയും, സഹോദരൻ ഗംഗാധരനും തലശേരി എം എം റോഡിലെ ശാഖയിലും ചൊക്ലി ശാഖയിലുമായി 16, 80,000 രൂപ നിക്ഷേപിക്കുകയും പിന്നീട് തിരിച്ചു തരാതെ വഞ്ചന നടത്തിയെന്നുമാണ് പരാതി.