പൊലീസ് മർദ്ദനം: ദളിത് യുവാവ്  മരിച്ച നിലയിൽ

Saturday 29 November 2025 1:16 AM IST

ബംഗളൂരു: പൊലീസ് കസ്റ്റഡിയിൽ ക്രൂര മർദ്ദനത്തിന് ഇരയായ ദളിത് യുവാവിനെ സ്വകാര്യ പുനരധിവാസ കേന്ദ്രത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ബംഗളൂരുവിലാണ് സംഭവം. ദർശനാണ് (24) മരിച്ചത്. കഴിഞ്ഞ 12നുണ്ടായ സംഘർഷത്തെത്തുടർന്നുള്ള കേസിൽ ദർശനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പൊലീസ് വിട്ടയയ്ക്കുകയോ ദർശനെ കാണാൻ അനുവദിക്കുകയോ ചെയ്തില്ലെന്ന് ദർശന്റെ അമ്മ ആദിലക്ഷ്മി ആരോപിക്കുന്നു.

അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ പവനും മറ്റ് രണ്ട് പൊലീസുകാരും ദർശനെ ക്രൂരമായി ആക്രമിച്ചതായും നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നതായും ആദിലക്ഷ്മി പറഞ്ഞു. അമിതമായ മദ്യപാനമുള്ളതിനാൽ 15ന് പൊലീസ് നിർദ്ദേശപ്രകാരം ദർശനെ പുനരധിവാസ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. അഡ്മിഷനായി 2500 രൂപ നൽകിയെന്നും ആദിലക്ഷ്മി പറയുന്നു. ദർശൻ സുഖം പ്രാപിക്കുന്നതായി എല്ലാ ദിവസവും കുടുംബത്തെ അറിയിക്കുകയും ചെയ്തിരുന്നു. 26ന് ശ്വസന സംബന്ധമായ ബുദ്ധിമുട്ടു കാരണം ദർശൻ മരിച്ചെന്ന് അറിയിച്ചു. കുടുംബാംഗങ്ങൾ അവിടെയെത്തിയപ്പോൾ മൃതദേഹം പുനരധിവാസ കേന്ദ്രത്തിലുണ്ടായിരുന്നില്ല. നെലമംഗല സർക്കാർ ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി. മരിച്ച നിലയിലാണ് ദർശനെ ആശുപത്രിയിലെത്തിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നെഞ്ചിലും കാലുകളിലും ഒന്നിലധികം മുറിവുകളുണ്ടായിരുന്നു. പോസ്റ്റ്‌മോർട്ടത്തിൽ ശരീരത്തിൽ നിരവധി പഴയ പരിക്കുകളുണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്.

ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും പുനരധിവാസ കേന്ദ്രത്തിലെ ജീവനക്കാർക്കെതിരെയും മാടനായകനഹള്ളി പൊലീസ് കേസെടുത്തു.