ബി.ജെ.പി നേതാക്കൾ കൂട്ടത്തോടെ കയറി, വിവാഹ വേദി തകർന്നു വീണു, വൈറലായി വീഡിയോ

Saturday 29 November 2025 1:16 AM IST

ലക്‌നൗ: വിവാഹസത്കാരത്തിനിടെ വധൂവരന്മാരെ ആശീർവദിക്കാനായി ബി.ജെ.പി നേതാക്കളടക്കമുള്ള അതിഥികൾ കൂട്ടത്തോടെ കയറി. ഇതോടെ വിവാഹവേദി തകർന്നുവീണു. വരനും വധുവും നേതാക്കളുമെല്ലാം നിലത്ത്. ഉത്തർപ്രദേശിലെ ബല്ലിയയിലാണ് സംഭവം. വധൂവരന്മാരും ബി.ജെ.പി നേതാക്കളും വീണെങ്കിലും ആർക്കും സാരമായ പരിക്കില്ല. സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലാണ്. ബി.ജെ.പി നേതാവ് അഭിഷേക് സിംഗ് എൻജിനിയറുടെ സഹോദരന്റെ വിവാഹസത്കാരത്തിനിടെയാണ് അപകടം. രാംലീല മൈതാനത്താണ് വിവാഹസത്കാരം സംഘടിപ്പിച്ചിരുന്നത്. വധൂവരന്മാരെ ആശീർവദിക്കാൻ ബി.ജെ.പി ജില്ലാ പ്രസിഡന്റ് സഞ്ജയ് മിശ്ര, മുൻ എം.പി ഭരത് സിംഗ്, എം.എൽ.എ കേതഖി സിംഗിന്റെ പ്രതിനിധി വിശ്രാം സിംഗ്, ബി.ജെ.പി മുൻ ജില്ലാ സെക്രട്ടറി സുർജിത് സിംഗ് എന്നിവരടക്കം പത്തിലേറെ അതിഥികളാണ് സ്റ്റേജിൽ കയറിയത്. ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ സ്‌റ്റേജ് തകരുകയായിരുന്നു. പ്ലൈവുഡ് ഉപയോഗിച്ചാണ് താത്കാലിക സ്‌റ്റേജ് നിർമ്മിച്ചിരുന്നത്. ഭാരം താങ്ങാനാകാതെ തകരുകയായിരുന്നു. നവദമ്പതികൾ സുരക്ഷിതരാണ്.