ഗോവ ചലച്ചിത്ര മേള: സ്‌കിൻ ഒഫ് യൂത്തിന് സുവർണ മയൂരം

Saturday 29 November 2025 1:17 AM IST

ഗോവ: 56-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മികച്ച സിനിമയ‌്ക്കുള്ള സുവർണ മയൂരം പുരസ്‌കാരം ആഷ് മെയ്‌ഫെയർ സംവിധാനം ചെയ്‌ത വിയറ്റ്നാമീസ് ചിത്രമായ 'സ്കിൻ ഒഫ് യൂത്ത് ' നേടി. മറാഠി ചിത്രമായ 'ഗോന്ധലി"ലൂടെ സന്തോഷ് ദവാഖർ മികച്ച സംവിധായകനുള്ള രജത മയൂരം നേടി.

ഗോവ ഡോ. ശ്യാമപ്രസാദ് മുഖർജി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സമാപന ചടങ്ങിൽ, സ്‌‌കിൻ ഒഫ് യൂത്തിന്റെ സംവിധായിക ആഷ് മേഫെയറും നിർമ്മാതാവ് ഫ്രാൻ ബോർജിയയും ചേർന്ന് സുവർണ മയൂരം ട്രോഫിയും സർട്ടിഫിക്കറ്റും 40,00,000 രൂപ ക്യാഷ് അവാർഡും

ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്തിൽ നിന്ന് ഏറ്റുവാങ്ങി.

കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ, പാർലമെന്ററി കാര്യ സഹമന്ത്രി ഡോ. എൽ. മുരുകനും സന്നിഹിതനായിരുന്നു. ചലച്ചിത്രമേഖലയിൽ 50 വർഷം പൂർത്തിയാക്കിയ ഇതിഹാസ നടൻ രജനീകാന്തിനെ ചടങ്ങിൽ ആദരിച്ചു.

മറ്റ് പ്രധാന അവാർഡുകൾ:

 മികച്ച നടിക്കുള്ള രജത മയൂരം: ജാറ സോഫിയ ഒാൻസ്റ്റാൻ (ലിറ്റിൽ ട്രബിൾ ഗേൾസ്-സ്ളോവേനിയൻ)  പ്രത്യേക ജൂറി പുരസ്‌‌കാരം: അകിനോള ഡേവിസ് ജൂനിയർ (മൈ ഫാദേഴ്സ് ഷാഡോ-ഇംഗ്ളീഷ്)

 നവാഗത സംവിധായകൻ: ഹെസം ഫറാഹ്മണ്ട് (മൈ ഡോട്ടേഴ്‌സ് ഹെയർ-ഇറാനിയൻ), ടോണിസ് പിൽ (ഫ്രാങ്ക്-എസ്റ്റോണിയൻ)

 ഐ.സി.എഫ്.ടി-യുനെസ്കോ ഗാന്ധി മെഡൽ: സേഫ് ഹൗസ് (നോർവീജിയൻ, സംവിധാനം: എറിക് സ്വെൻസൺ)

 ഇന്ത്യൻ സിനിമാ വിഭാഗത്തിലെ മികച്ച നവാഗത സംവിധായൻ: കരൺ സിംഗ് ത്യാഗി (കേസരി ചാപ്റ്റർ 2 )

 ഒ.ടി.ടി വിഭാഗത്തിലെ മികച്ച വെബ് സീരീസ്: ബണ്ടിഷ് ബാൻഡിറ്റ്സ് സീസൺ 02