പുട്ടിന്റെ ഇന്ത്യാ സന്ദർശനം, സുപ്രധാന പ്രതിരോധ ഇടപാടിൽ ഒപ്പിട്ടേക്കും
ന്യൂഡൽഹി: ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിൻ ഡിസംബർ 4ന് ഇന്ത്യയിലെത്തുമ്പോൾ ചില സുപ്രധാന പ്രതിരോധ ഇടപാടുകളിൽ ഒപ്പുവയ്‌ക്കുമെന്ന് സൂചന. റഷ്യയിൽ നിന്ന് അഞ്ച് എസ്-400 ട്രയംഫ് വ്യോമപ്രതിരോധ യൂണിറ്റുകൾ വാങ്ങാനുള്ള കരാർ ഒപ്പിട്ടേക്കും. ഒാപ്പറേഷൻ സിന്ദൂറിൽ പാക് വ്യോമ ആക്രമണത്തെ പ്രതിരോധിക്കുന്നതിൽ എസ്-400 നിർണായകമായതോടെയാണ് കൂടുതൽ യൂണിറ്റുകൾ വാങ്ങുന്നത്. നിലവിലുള്ള എസ്-400 സംവിധാനത്തിന് കൂടുതൽ മിസൈലുകൾ വാങ്ങാനുള്ള ഇടപാടിലും ധാരണയുണ്ടാക്കും.
റഷ്യ ഇന്ത്യയ്‌ക്ക് വാഗ്‌ദാനം ചെയ്‌ത അഞ്ചാം തലമുറ സുഖോയ്-57വിമാന ഇടപാടിലും തീരുമാനമുണ്ടാകും. ഇന്ത്യയിൽ നിർമ്മിക്കാനുള്ള സോഴ്‌സ് കോഡ് അടക്കമാണ് റഷ്യയുടെ വാഗ്‌ദാനം. റഷ്യ-യുക്രെയിൻ യുദ്ധവും ചർച്ചയാകും. സംഘർഷം അവസാനിപ്പിച്ച് സമാധാനം നിലനിറുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മുമ്പും ആവശ്യപ്പെട്ടിരുന്നു. യുക്രെയിൻ അധിനിവേശത്തിന്റെ പേരിൽ ഉപരോധം നേരിടുന്ന റഷ്യയിൽ നിന്ന് എണ്ണവാങ്ങരുതെന്ന യു.എസ് ഭീഷണിയും ചർച്ചയാകും. റിലയൻസ് റഷ്യൻ എണ്ണ വാങ്ങുന്നത് നിറുത്തിയിരുന്നു.
പുട്ടിന്റെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ യുക്രെയിൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹയുമായി സംസാരിച്ചിരുന്നു.
ഇന്ത്യയിലേക്ക്
വരാൻ തടസമില്ല
യുക്രെയിൻ അധിനിവേശത്തിന്റെ പേരിൽ പുട്ടിന് അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ (ഐ.സി.സി) അറസ്റ്റു വാറണ്ട് ഉള്ളതിനാൽ വിദേശ യാത്രകൾ കുറവാണ്. എന്നാൽ, ഐ.സി.സിയിൽ കക്ഷിയല്ലാത്ത ഇന്ത്യയിലേക്ക് വരാൻ തടസമില്ല. സെപ്തംബറിൽ ചൈനയിൽ നടന്ന ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദിയും പുട്ടിനും കൂടിക്കാഴ്ച നടത്തിയിരുന്നു.