അൽ ഫലായിലെ 22-ാം നമ്പർ മുറിയിലെത്തിച്ച് തെളിവെടുപ്പ്

Saturday 29 November 2025 1:19 AM IST

ന്യൂഡൽഹി: ഡൽഹി സ്‌ഫോടനക്കേസിൽ ജെയ്‌ഷെ മുഹമ്മദിന്റെ വനിതാ റിക്രൂട്ട്മെന്റ് വിഭാഗമായ ജമാഅത്തുൽ മൊമിനാതിന്റെ ഇന്ത്യയിലെ മേധാവിയായ ഡോ. ഷഹീൻ സയീദിനെ ഫരീദാബാദിലെ അൽ ഫലാ യൂണിവേഴ്സിറ്റി ക്യാമ്പസിലെത്തിച്ച് തെളിവെടുത്തു. അവിടെ പ്രൊഫസറായിരുന്ന ഷഹീനെ അവർ താമസിച്ചിരുന്ന ഹോസ്റ്റലിലെ 22-ാം നമ്പർ മുറിയിലും ടീച്ചേഴ്സ് ക്യാബിനിലും​ ക്ലാസ് മുറികളിലും എൻ.ഐ.എ സംഘമെത്തിച്ചു. ജീവനക്കാർക്കൊപ്പമിരുത്തി ചോദ്യംചെയ്‌തുവെന്നും സൂചനയുണ്ട്. ഷഹീനും മറ്റൊരു പ്രതി ഡോ. മുസമ്മിൽ ഷക്കീൽ ഗനായിയും വാടകയ്‌ക്കെടുത്തിരുന്ന ഫരീദാബാദിലെ ഫ്ലാറ്റിലുമെത്തിച്ചു. മുസമ്മിലും​ ഷഹീനും ദമ്പതികളാണെന്ന് ഏജൻസികൾ കണ്ടെത്തിയിരുന്നു.

ഷെഡ്ഡിലും സൂക്ഷിച്ചു

2600 കിലോ സ്‌ഫോടകവസ്‌തുക്കൾ ഫരീദാബാദിലെ ഒരു ഇമാമിന്റെ വീട്ടിൽ നിന്നാണ് പിടിച്ചെടുത്തത്. അവിടേക്ക് ഇവ മാറ്റുന്നതിന് മുൻപ് അൽ ഫലാ യൂണിവേഴ്സിറ്റിക്കുസമീപത്തെ കൃഷിയിടത്തോട് ചേർന്നുള്ള ഷെഡ്ഡിൽ സൂക്ഷിച്ചിരുന്നതായി ഏജൻസികൾക്ക് വിവരം ലഭിച്ചു. അതേസമയം, കാശ്‌മീരി ഫ്രൂട്ട് ബിസിനസിന്റെ ആവശ്യത്തിനെന്ന് പറഞ്ഞ് ഫരീദാബാദിൽ രണ്ടു കെട്ടിടങ്ങൾ മുസമ്മിൽ വാടകയ്‌ക്കെടുത്തു എന്ന സൂചനയിലും അന്വേഷണം പുരോഗമിക്കുകയാണ്.