സ്റ്റേഷൻകടവ് ലെവൽക്രോസിൽ കുരുക്കോട് കുരുക്ക്

Sunday 30 November 2025 9:17 PM IST

കുളത്തൂർ: സ്റ്റേഷൻകടവ് റെയിൽവേ ക്രോസ് അഴിയാക്കുരുക്കായി മാറുന്നു. ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഇവിടെ റെയിൽവേ ഓവർബ്രിഡ്ജ് നിർമ്മിക്കണമെന്ന ആവശ്യത്തിന് 50ലേറെ വർഷം പഴക്കമുണ്ട്.

നിരവധി ട്രെയിനുകൾ ഒന്നിന് പിറകെ കടന്നുപോകുമ്പോൾ,ഇടവേളകളിൽ കിട്ടുന്ന ഏതാനും മിനിട്ടുകളാണ് വാഹനങ്ങൾക്ക് പോകാൻ കിട്ടുന്നത്. ദിവസേന നിരവധി വാഹനങ്ങളാണ് ഗേറ്റിന് ഇരുവശത്തും ഏറെ നേരം കാത്തുകിടക്കുന്നത്.

ഒരു ട്രെയിൻ കടന്നുപോകാൻ കുറഞ്ഞത് 25 മിനിറ്റെങ്കിലും ഗേറ്റ് അടച്ചിടാറുണ്ട്.ഗേറ്റിന്റെ ലോക്ക് ചില ദിവസങ്ങളിൽ പണിമുടക്കുന്നതോടെ അഞ്ച് കിലോമീറ്ററിനപ്പുറത്തുള്ള കഴക്കൂട്ടം ഓവർബ്രിഡ്ജിലൂടെ വേണം വാഹനങ്ങൾക്ക് പോകാൻ.

തിരുവനന്തപുരം - കൊല്ലം പാതയുടെ ഡബ്ലിംഗ്‌ ജോലികളാരംഭിച്ച ഘട്ടത്തിൽ ഇവിടെ ഓവർബ്രിഡ്ജ് നിർമ്മിക്കാൻ പദ്ധതിയിട്ടിരുന്നു. കുളത്തൂർ ജംഗ്‌ഷന് സമീപത്ത് നിന്നാരംഭിച്ച് വി.എസ്.എസ്.സി ഇൻസ്റ്റെഫിന് സമീപമവസാനിക്കുന്ന തരത്തിലായിരുന്നു അലൈൻമെന്റ് തയ്യാറാക്കിയിരുന്നത്. ഇതിനായി സർവേയും നടത്തി.എന്നാൽ ഒന്നും യാഥാർത്ഥ്യമായില്ല.ഓവർബ്രിഡ്ജ് നിർമ്മാണത്തിന് റെയിൽവേ പച്ചക്കൊടി കാട്ടിയെങ്കിലും ജനപ്രതിനിധികൾ അടക്കമുള്ളവരുടെ ഭാഗത്തുനിന്നും അനുകൂല നടപടികളുണ്ടായില്ല.

ഇതുവഴി കടന്നുപോകുന്നത്

28 സൂപ്പർ ഫാസ്റ്റ് ട്രെയിനുകൾ

48 എക്സ്‌പ്രസ് ട്രെയിനുകൾ

പാസഞ്ചർ,ചരക്കുവണ്ടികൾ വേറെയും

തന്ത്രപ്രധാനമായ ബഹിരാകാശകേന്ദ്രം സ്ഥിതിചെയ്യുന്ന ഇവിടെ ഓവർബ്രിഡ്ജോ അണ്ടർപാസോ നിർമ്മിക്കണമെന്ന ആവശ്യത്തിന് വി.എസ്.എസ്.സിയുടെ വളർച്ചയോളം പഴക്കമുണ്ട്.

ദേശീയപാതയിൽ നിന്നും ബൈപ്പാസിൽ നിന്നും തീരദേശപാതയിലേക്ക് എളുപ്പത്തിൽ എത്താൻ കഴിയുന്ന പ്രധാന കവാടമാണ് സ്റ്റേഷൻകടവ് ലെവൽ ക്രോസ്

മുക്കോലയ്ക്കൽ ബൈപ്പാസ് ജംഗ്‌ഷനിലും ഗതാഗതക്കുരുക്ക്

ലെവൽക്രോസിന് ഇരുവശത്തെയും കൈയേറ്റങ്ങളും കുരുക്കിന് കാരണമാകുന്നു

ഓഫീസുകളിലും മറ്റും സമയത്തിനെത്താൻ കഴിയാതെ യാത്രക്കാർ ബുദ്ധിമുട്ടുന്നു

ആക്കുളം ബൈപ്പാസിലെ പാതയിരട്ടിപ്പിക്കൽ ജോലികൾ അന്തിമഘട്ടത്തിലെത്തിയതോടെ ലെവൽ ക്രോസിലൂടെയുള്ള ഗതാഗതം കുപ്പിക്കഴുത്ത് പോലെയായി

രാവിലെ 6ന് തുടങ്ങുന്ന കുരുക്ക് ഉച്ചയ്ക്ക് 12നും അവസാനിക്കാറില്ല.വൈകിട്ടത്തെ കുരുക്ക് കിലോമീറ്ററുകളോളം നീളും.റെയിൽവേ ഗേറ്റിലേക്കുള്ള റോഡ് വീതിയില്ലാത്തതിനാൽ വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.