പ്രചാരണത്തിന് ഇറങ്ങിയില്ല, ബന്ധുവായ സ്ത്രീയെ മർദ്ദിച്ച് സ്ഥാനാർത്ഥിയുടെ സഹോദരി
വർക്കല: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂടെ ചെന്നില്ലെന്നാരോപിച്ച് ബന്ധുവായ സ്ത്രീയെ മർദ്ദിച്ച് സ്ഥാനാർത്ഥിയുടെ സഹോദരി. പാളയംകുന്ന് ഗുരുമന്ദിരത്തിന് സമീപം വെള്ളിയാഴ്ച വൈകിട്ട് 6.15ഓടെയാണ് സംഭവം.
പാളയംകുന്ന് സ്വദേശി സുനിലീക്കാണ് മർദ്ദനമേറ്റത്. ഇലകമൺ ഗ്രാമപഞ്ചായത്ത് ശാസ്താംനട വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ബാലുവിന്റെ സഹോദരി ബിന്ദു വഴിയിൽ തടഞ്ഞുനിറുത്തി അസഭ്യം വിളിച്ചെന്നും തല്ലിയെന്നും അയിരൂർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. പ്രചാരണത്തിന് വിളിച്ചിട്ടും സുനിലീ ചെന്നില്ലെന്ന് പറഞ്ഞ് ആദ്യം വാക്കേറ്റമുണ്ടായി. പിന്നീട് കൈയാങ്കളിയിലേക്ക് മാറുകയായിരുന്നു. ബിന്ദു മർദ്ദിക്കുന്നതിന്റെ സി.സി ടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
മുഖത്തും നെഞ്ചിലും അടിയേറ്റ് നിലത്തുവീണ തന്നെ ക്രൂരമായി ചവിട്ടിയെന്നും മാല പൊട്ടിച്ചെന്നും പരാതിയിൽ പറയുന്നു. ബിന്ദുവിനെയും ഒപ്പമുണ്ടായിരുന്ന സന്തോഷ് എന്ന ആളിനെയും പ്രതിചേർത്ത് പൊലീസ് കേസെടുത്തു.