മോഷണം നടന്നെന്ന് കള്ളക്കഥ; മയക്കുമരുന്ന് നൽകി മക്കളെ കൊലപ്പെടുത്തി അമ്മ, കടുത്ത നടപടിയുമായി കോടതി
കൊളറാഡോ: സ്വന്തം മക്കളെ കൊലപ്പെടുത്തിയ ശേഷം യുകെയിലേക്ക് കടന്ന യുവതിയെ തിരികെ അമേരിക്കയിലേക്ക് നാടുകടത്താൻ ഉത്തരവിട്ട് ലണ്ടൻ കോടതി. മയക്കുമരുന്ന് നൽകിയാണ് കൊളറാഡോ സ്വദേശിയായ സിംഗ്ലർ തന്റെ രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയത്. മൂന്നാമത്തെ കുട്ടിയെ പരിക്കേൽപ്പിക്കുകയും ചെയ്‌തിരുന്നു. ശേഷം യുകെയിലേക്ക് കടന്ന ഇവർ പിന്നീട് അറസ്റ്റിലാകുകയായിരുന്നു.
കൊളറാഡോയിലെ ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റത്തിന് പരോളില്ലാതെ ജീവപര്യന്തം ശിക്ഷ ലഭിക്കുന്നത് യൂറോപ്യൻ മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനമാകുമെന്ന് സിംഗ്ലർ കോടതിയിൽ വാദിച്ചു. എന്നാൽ സമാനമായ കേസുകളിൽ കൈമാറ്റം അനുവദിച്ചിട്ടുണ്ടെന്ന് പറഞ്ഞ കോടതി യുവതിയുടെ വാദം തള്ളി.
2023 ഡിസംബറിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ഡിസംബർ 19ന് തങ്ങൾ താമസിക്കുന്ന കൊളറാഡോ സ്‌പ്രിംഗ്‌സിൽ മോഷണം നടന്നെന്ന് സിംഗ്ലർ പൊലീസിനെ അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് ഇവരുടെ ഒമ്പത് വയസ്സുള്ള പെൺകുട്ടിയെയും ഏഴ് വയസ്സുള്ള ആൺകുട്ടിയെയും മരിച്ച നിലയിൽ കണ്ടെത്തി. സിംഗ്ലറും 11 വയസുള്ള മകളും പരിക്കേറ്റ നിലയിലായിരുന്നു. മോഷണ ശ്രമത്തിനിടയിൽ അക്രമികളാണ് മക്കളെ കൊലപ്പെടുത്തിയതെന്ന് യുവതി പൊലീസിനെ വിശ്വസിപ്പിച്ചു. എന്നാൽ തുടരന്വേഷണത്തിൽ രണ്ട് കുട്ടികളെ മയക്കുമരുന്നുനൽകി കൊലപ്പെടുത്തിയതും മൂന്നാമത്തെ കുട്ടിയെ പരിക്കേൽപ്പിച്ചതും സിംഗ്ലർ തന്നെയാണെന്ന് പൊലീസ് കണ്ടെത്തി. 2023 ഡിസംബർ 26ന് പൊലീസ് സിംഗ്ലറിനെതിരെ അറസ്റ്റ് വാറന്റ് ഫയൽ ചെയ്‌തിരുന്നു. ലണ്ടനിലെ കെൻസിംഗ്‌ടണിൽ ഒളിവിൽ കഴിയവെയാണ് ഡിസംബർ 30ന് സിംഗ്ലർ അറസ്‌റ്റിലായത്.