മാത്യു ആകാൻ ലാൽ ഗോവയിൽ, ഡിസംബർ 21 മുതൽ മൂന്നു ദിവസത്തെ ചിത്രീകരണം

Monday 01 December 2025 6:51 AM IST

രജനികാന്ത് - നെൽസൻ ചിത്രം ജയിലർ 2 വിൽ അഭിനയിക്കാൻ ഡിസംബർ 21ന് മോഹൻലാൽ ഗോവയിലെ ലൊക്കേഷനിൽ ജോയിൻ ചെയ്യും. മൂന്നുദിവസത്തെ ഡേറ്റാണ് മോഹൻലാൽ നൽകിയിട്ടുള്ളത്. ജയിലറിൽ അവതരിപ്പിച്ച മാത്യു എന്ന അതിഥി കഥാപാത്രമായി മോഹൻലാൽ ജയിലർ 2 വിൽ എത്തും. ഗോവ ഷെഡ്യൂളിൽ രജനികാന്ത്, വിജയ് സേതുപതി, ജാക്കി ഷ്റഫ് എന്നിവരും ഉണ്ട്. എസ്.ജെ. സൂര്യയുടെ രംഗങ്ങൾ ഗോവയിൽ ചിത്രീകരിച്ചിരുന്നു. തെലുങ്ക് സൂപ്പർതാരം നന്ദമുരി ബാലകൃഷ്ണയ്ക്ക് നിശ്ചയിച്ചിരുന്ന വേഷത്തിൽ ആണ് വിജയ് സേതുപതി എത്തുന്നത്. പേട്ട എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം രജനികാന്തും വിജയ്സേതുപതിയും വീണ്ടും ഒരുമിക്കുകയാണ്. അതേസമയം വിസ്മയ മോഹൻലാൽ അഭിനയ അരങ്ങേറ്റം കുറിക്കുന്ന തുടക്കം സിനിമയിൽ മോഹൻലാൽ അടുത്ത ദിവസം ജോയിൻ ചെയ്യും. തുടക്കത്തിലും ക്യാമിയോ റോളിലാണ് മോഹൻലാൽ. തുടർന്ന് മഹേഷ് നാരായണന്റെ പാട്രിയറ്റിൽ അഭിനയിക്കും. മമ്മൂട്ടിയോടൊപ്പം കോമ്പിനേഷൻ സീനുകൾ ഉൾപ്പെടെ പാട്രിയറ്റിൽ ചിത്രീകരിക്കാനുണ്ട്. കൊച്ചിയിൽ ചിത്രീകരണം പുരോഗമിക്കുന്ന പാട്രിയറ്റിൽ നയൻതാര ജോയിൻ ചെയ്തു. മമ്മൂട്ടിയും നയൻതാരയും തമ്മിലുള്ള കോമ്പിനേഷൻ സീനുകൾ ആണ് ചിത്രീകരിക്കുന്നത്.