എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു മരിച്ചു

Monday 01 December 2025 6:54 PM IST
എൻ.കെ.മോഹനൻ

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ലഹരിവിരുദ്ധ പ്രത്യേക പരിശോധനകൾക്കായി പാലക്കാട് ജില്ലയിൽ നിയോഗിക്കപ്പെട്ട എക്സൈസ് സംഘത്തിലെ ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു മരിച്ചു. എറണാകുളം എക്സൈസ് എൻഫോഴ്സ്‌മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡിലെ സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവറായിരുന്ന കോലഞ്ചേരി തമ്മാനിമ​റ്റം നടുക്കോച്ചേരിയിൽ എൻ.കെ. മോഹനനാണ് (54) മരിച്ചത്. സംസ്കാരം ഇന്ന് 11ന് വടയമ്പാടി സ്മൃതിലയം ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ നടത്തും. ഭാര്യ: ജയ. മക്കൾ: അമൻ, അഞ്ജന.

എക്സൈസ് കമ്മീഷണറുടെ സ്പെഷ്യൽസ്ക്വാഡിന്റെ ഭാഗമായി കഴിഞ്ഞ 25 മുതൽ പാലക്കാട് നല്ലേപ്പിള്ളി ലൈബ്രറി ജംഗ്ഷന് സമീപത്തെ വാടകക്കെട്ടിടത്തിൽ മറ്റ് എക്സൈസ് ഉദ്യോഗസ്ഥർക്കൊപ്പം മോഹനൻ തങ്ങുകയായിരുന്നു. ഇന്ന് എറണാകുളത്തേക്ക് മടങ്ങേണ്ടതായിരുന്നു. ഇന്നലെ പുലർച്ചെ നാലിന് മോഹനന്റെ മുറിയിൽ ശബ്ദം കേട്ടെത്തിയ സഹപ്രവർത്തകരാണ് അവശനിലയിൽ കണ്ടത്. ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഹൃദയാഘാതമാണ് മരണകാരണം. താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്നലെ ഉച്ചയ്ക്ക് എറണാകുളം കച്ചേരിപ്പടിയിലെ എക്സൈസ് ഡിവിഷണൽ ഓഫീസിൽ എത്തിച്ച ഭൗതികശരീരത്തിൽ മന്ത്രി എം.ബി. രാജേഷ്, ടി.ജെ. വിനോദ് എം.എൽ.എ, എക്സൈസ് ജോയിന്റ് കമ്മീഷണർ ടി.എം. മജു തുടങ്ങിയവരും സഹപ്രവർത്തകരും അന്തിമോപചാരം അർപ്പിച്ചു. ചിറ്റൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.